| Tuesday, 24th March 2026, 7:50 pm

സഞ്ജുവോ ധോണിയോ, ആരാവണം ചെന്നൈയുടെ കീപ്പര്‍? തെരഞ്ഞെടുപ്പുമായി ശ്രീകാന്ത്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ആരാവണമെന്ന് തെരഞ്ഞെടുപ്പുമായി മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. എം.എസ് ധോണി തന്നെ ടീമിന്റെ വിക്കറ്റ് കീപ്പറാവണമെന്നും താരം ഇപ്പോഴും പൂര്‍ണ ഫിറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വിക്കറ്റുകള്‍ക്കിടയില്‍ ധോണി കൃത്യമായി ഓടുന്നുണ്ടെന്നും താരത്തിന് മുട്ടിന് അസ്വസ്ഥത നേരിടുന്നുണ്ടെങ്കില്‍ മാത്രം സഞ്ജുവിനെ കീപ്പിങ് ഏല്‍പ്പിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: CricketTimes

‘സംശയമേതുമില്ല, എം.എസ് ധോണി തന്നെ ചെന്നൈയുടെ വിക്കറ്റ് കീപ്പറാവണം. അദ്ദേഹം ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. വിക്കറ്റുകള്‍ക്കിടയില്‍ ഓടാന്‍ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. തുടക്കത്തില്‍ ധോണി തന്നെ കീപ് ചെയ്യണം. ഇനി അദ്ദേഹത്തിന് കാല്‍മുട്ടിന് വേദനയുണ്ടെങ്കില്‍ മാത്രം സഞ്ജുവിനെ കീപ്പിങ് ഏല്‍പ്പിച്ചാല്‍ മതി.

ധോണി ഒരു ഇംപാക്ട് പ്ലെയര്‍ ആയിട്ടായിരിക്കില്ല ഈ വര്‍ഷം കളിക്കാന്‍ എത്തുക. അദ്ദേഹം ക്രീസിലെത്തുമ്പോള്‍ കുറച്ച് സിക്‌സുകള്‍ പ്രതീക്ഷിക്കാം. 15-ാം ഓവറിലോ 16-ാം ഓവറിലോ ഇറങ്ങാന്‍ സാധ്യതയില്ല. അവസാന ഓവറുകളില്‍ വന്ന് കുറച്ച് സിക്സറുകള്‍ പറത്തുക എന്നതാകും അദ്ദേഹത്തിന്റെ റോള്‍,’ ശ്രീകാന്ത് പറഞ്ഞു.

സഞ്ജു സാംസണും എം.എസ് ധോണിയും.

പുതിയ സീസണിന് മുന്നോടിയായാണ് സഞ്ജുവിനെ ചെന്നൈ തട്ടകത്തിലെത്തിച്ചത്. രവീന്ദ്ര ജഡേജയും സാം കറനെയും രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയായിരുന്നു ഈ നീക്കം. താരം ടീമിലെത്തിയതിന് പിന്നാലെ ധോണിയുടെ പിന്‍ഗാമി എന്ന നിലയിലാണ് സഞ്ജുവിനെ ടീമിലെത്തിച്ചതെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഒപ്പം, ഈ സീസണില്‍ സഞ്ജു വിക്കറ്റ് കീപ്പിങ് ചെയ്‌തേക്കുമെന്ന ചര്‍ച്ചകളും നടന്നിരുന്നു. ധോണി അടുത്തിടെ തന്നെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും കഴിഞ്ഞ സീസണില്‍ മുട്ടുവേദന കാരണം ഓടാന്‍ ബുദ്ധിമുട്ടിയ കാഴ്ചകളും ഇതിന് ശക്തി പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ് ശ്രീകാന്തിന്റെ പ്രതികരണം.

Content Highlight: Kris Srikanth picks MS Dhoni ahead of Sanju Samson as CSK’s wicket keeper in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more