| Sunday, 3rd May 2026, 8:59 pm

അവന്‍ വെറും പ്ലാസ്റ്റിക് ക്യാപ്റ്റന്‍: വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

Sudev A

ഐ.പി.എല്ലിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തിലും മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. എട്ട് പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്. തോല്‍വിയോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

ഇപ്പോള്‍ ഈ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഹര്‍ദിക് വെറുമൊരു പ്ലാസ്റ്റിക് ക്യാപ്റ്റന്‍ ആണെന്നാണ് ശ്രീകാന്ത് പറഞ്ഞത്. മത്സരത്തിലെ ഹര്‍ദിക്കിന്റെ സ്ലോ ഇന്നിങ്‌സിനെയും ക്രിസ് ശ്രീകാന്ത് വിമര്‍ശിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘റണ്‍സ് നോക്കൂ 23 പന്തില്‍ നിന്നും വെറും 18 റണ്‍സ്, ഇതെന്താണ്? അവന്‍ ഒരു പ്ലാസ്റ്റിക് ക്യാപ്റ്റനാണ്. ആ കൂട്ടുകെട്ട് നോക്കൂ എന്തായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചത്. ഹര്‍ദിക് പാണ്ഡ്യ എന്താണ് ചെയ്യാന്‍ ശ്രമിച്ചത്? മിഡില്‍ ഓവറുകളില്‍ ഡോട്ട് ബോളുകളുടെ എണ്ണം പരിശോധിക്കുകയാണെങ്കില്‍ അവര്‍ക്ക് ശരിയായ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. ആ ഘട്ടത്തില്‍ റണ്‍ റേറ്റ് കുത്തനെ ഇടിഞ്ഞു’, ക്രിസ് ശ്രീകാന്ത് പറഞ്ഞു.

മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ട് ഹര്‍ദിക് വെറും 18 റണ്‍സ് മാത്രമാണ് ടീമിനായി സംഭാവന ചെയ്തത്. രണ്ട് ഫോറുകള്‍ മാത്രമാണ് മുംബൈ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നമന്‍ ധിര്‍ ആയിരുന്നു മുംബൈ നിരയില്‍ തിളങ്ങിയത്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 37 പന്തുകളില്‍ നിന്നും 57 റണ്‍സാണ് നമന്‍ അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. റിയാന്‍ റിക്കല്‍ട്ടണും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. 24 പന്തില്‍ 37 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്.

അതേസമയം ഗെയ്ക്വാദിന്റെയും കാര്‍ത്തിക് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി മികവിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. 48 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയാണ് ചെന്നൈ ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

40 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം പുറത്താവാതെ 54 റണ്‍സ് നേടിയാണ് കാര്‍ത്തിക് ശര്‍മ ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ഉര്‍വില്‍ പട്ടേല്‍ 12 പന്തില്‍ 24 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.

Content Highlight: Kris Srikanth Criticize Hardik Pandya Captaincy in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more