സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. എല്ലാ സീസണിലും റണ്‍സ് അടിച്ച് കൂട്ടുന്ന ഒരു റണ്‍ മെഷീനാണ് കോഹ്‌ലിയെന്നും താരത്തിന്റെ ഓഫ് സ്റ്റംപിന് പുറത്ത് പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ലിക്ക് ചെയ്യുന്ന ഷോട്ട് വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനെ ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഹ്‌ലിയുടെ സാന്നിധ്യം ഒരു ബാങ്ക് ഡെപോസിറ്റിനെയും ഗ്യാരണ്ടിയെയും പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com
‘കോഹ്‌ലി എല്ലാ സീസണിലും റണ്‍സ് അടിച്ചുകൂട്ടുന്ന ഒരു റണ്‍ മെഷീനാണ്. 2011ല്‍ ആര്‍.സി.ബി നിലനിര്‍ത്തിയ ഏക താരം അവനായിരുന്നു. അതിന് ശേഷമാണ് അവന്‍ സ്ഥിരതയോടെ റണ്‍സ് സ്‌കോര്‍ ചെയാന്‍ തുടങ്ങിയത്. ബാക്കിയെല്ലാം ചരിത്രമാണ്.
ഓഫ് സ്റ്റംപിന് പുറത്ത് പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ലിക്ക് ചെയ്യുന്ന അവന്റെ ഷോട്ട് വിവ റിച്ചാര്‍ഡ്‌സിനെ ഓര്‍മിപ്പിക്കുന്നു. കോഹ്‌ലിയ്ക്ക് മുമ്പ് റിച്ചാര്‍ഡ്സ് മാത്രമാണ് ഈ ഷോട്ട് ഇത്ര മികച്ച രീതിയില്‍ കളിച്ചിട്ടുള്ളത്.
കോഹ്‌ലിയുടെ സാന്നിധ്യം മറ്റ് താരങ്ങളെ യാതൊരു ആശങ്കയുമില്ലാതെ കളിക്കാന്‍ സഹായിക്കുന്നു. ഒരു ബാങ്ക് ഡെപ്പോസിറ്റിനെയും ഉറച്ച ഗ്യാരണ്ടിയെയും പോലെയാണ് അവന്‍. കോഹ്‌ലിയെ കേന്ദ്രീകരിച്ച് മറ്റുള്ളവര്‍ ബാറ്റ് ചെയ്യുയെന്നതാണ് ടീം മാനേജ്മെന്റിന്റെ പ്രധാന തന്ത്രം,’ ശ്രീകാന്ത് പറഞ്ഞു.
വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com
ഐ.പി.എല്‍ 2026ല്‍ വിരാട് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 13 ഇന്നിങ്സുകളില്‍ കളിച്ച താരം ഇതുവരെ 542 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമാണ് മുന്‍ ആര്‍.സി.ബി നായകന്‍ ഈ സീസണില്‍ അടിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ 60 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 54.20 ശരാശരിയിലും 164.74 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ്.
Content Highlight: Kris Srikanth compare Virat Kohli to Viv Richards