| Sunday, 12th April 2026, 9:31 am

ആളില്ലാത്തതിനാല്‍ ഷോ ക്യാന്‍സലാക്കി; ശത്രുവിന് പോലും ഈ അവസ്ഥ വരരുതെ എന്ന് പ്രാര്‍ത്ഥിച്ചു: കൃഷ്ണദാസ് മുരളി

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത മോഹനിയാട്ടം. 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

ഭരതനാട്യം. Photo: The Hindu

ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.. പ്രേക്ഷകരില്‍ നിന്നും കിട്ടിയ പോസ്റ്റീവ് റെസ്‌പോണ്‍സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് രണ്ടാം ഭാഗമായ മോഹിനായാട്ടവുമായി സൈജു കുറുപ്പും കൃഷ്ണദാസ് മുരളിയും തിയേറ്ററുകളിലേക്കെത്തിയത്. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ കാഴ്ച്ചക്കാരെയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിച്ച ചിത്രത്തിന്റെ ആദ്യഭാഗം ദൗര്‍ഭാഗ്യകരമായി പരാജയപ്പെട്ടതിനെക്കുറിച്ച് സംവിധായകനായ കൃഷ്ണദാസ് മുരളി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. തിയേറ്റര്‍ വിസിറ്റിനായി ഫുള്‍ ക്രൂവിനൊപ്പം പോയപ്പോള്‍ ചിത്രം ക്യാന്‍സലായതിനെക്കുറിച്ചും തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ മനോവിഷമത്തെ കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്.

‘ഭരതനാട്യം തിയേറ്റര്‍ വിസിറ്റ് കഴിഞ്ഞപ്പോള്‍ അതുപോലൊരു അവസ്ഥ ശത്രുവിന് പോലും വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് ഞങ്ങള്‍ തിരിച്ചുവന്നത്. ഒരു സ്ഥലത്ത് തിയേറ്റര്‍ വിസിറ്റ് കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകുകയായിരുന്നു. സാധാരണ സിനിമയ്ക്കുള്ള ബുക്കിങ്ങെല്ലാം നോക്കിയിട്ടാണല്ലോ നമ്മള്‍ പോകുക. പക്ഷേ ഒരുപാട് സമയം ബാക്കിയുള്ളത് കൊണ്ട് ബുക്കിങ്ങൊന്നും നോക്കാതെ പോകുന്ന വഴിക്കുള്ള തിയേറ്ററില്‍ കയറി.

അവിടെയുള്ള കൗണ്ടറിലേക്ക് ഞാനാദ്യം പോയിട്ട് ഭരതനാട്യം വിട്ടോ എന്ന് ചോദിച്ചു. ഷോ ആളില്ലാത്തതു കൊണ്ട് നടന്നില്ല സാര്‍ എന്ന ഞെട്ടിക്കുന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. അപ്പോഴേക്ക് മൊത്തം ടീമും അങ്ങോട്ടെത്തി. ഇത് കേട്ടിട്ട് ആര്‍ക്കും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് തോമസേട്ടന്‍ വളരെയധികം പോസിറ്റീവ് വൈബുള്ള ആളായിരുന്നു.

കൃഷ്ണദാസ് മുരളി. Photo: Screen Grab/ Cue studio/ Youtube.com

അതിനിപ്പോ എന്താ, എല്ലാവരും വാ എന്ന് പറഞ്ഞ് കാന്റീനില്‍ നിന്ന് ഒരു ചായയെല്ലാം വേടിച്ച് തന്ന് അവിടെയിരുന്നു. ആര്‍ക്കും പരസ്പരം ഒന്നും സംസാരിക്കാന്‍ പറ്റുന്നില്ല. മുഖത്തോട് മുഖം നോക്കാന്‍ പോലും പലര്‍ക്കും മടിയായി. സംവിധായകനെന്ന നിലയില്‍ എന്റെ കുറ്റം കൊണ്ടാണോ എന്നെല്ലാം ആലോചിച്ചു. എന്നിട്ട് അടുത്ത ഫാമിലി വരുന്ന വരെ ഞങ്ങള്‍ അവിടെ കാത്തു നിന്നു. ആകെ 14 ടിക്കറ്റോ മറ്റോ ആണ് അതിന് ബുക്ക് ചെയ്തത്. നോക്കുമ്പോള്‍ ചിത്രം കാണാനെത്തിയവരെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ക്രൂ ഉണ്ടായിരുന്നു,’ കൃഷ്ണദാസ് പറഞ്ഞു.

Content Highlight: Kridhnadas Murali talks about his worst experience

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more