| Sunday, 13th January 2019, 7:01 pm

തന്ത്രി കുടുംബത്തില്‍ പെട്ട മീശ മുളയ്ക്കാത്ത പയ്യന്മാര്‍ ആണോ സ്ത്രീകളുടെ സ്വാതന്ത്ര്യം നിശ്ചയിക്കുന്നത്: കെ.ആര്‍ മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്ത്രി കുടുംബത്തില്‍ പെട്ട മീശ മുളയ്ക്കാത്ത പയ്യന്മാരെ ആണോ സ്ത്രീകളുടെ സ്വാതന്ത്ര്യം നിശ്ചയിക്കുന്നതെന്ന് എഴുത്തുകാരി കെ.ആര്‍ മീര. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ “സൂര്യനെ അണിഞ്ഞ സ്ത്രീയും ഞാനും” എന്ന വിഷയത്തില്‍ ശ്രീകല മുല്ലശ്ശേരിയുമായി സംസാരിക്കുകയായിരുന്നു അവര്‍.

ആക്ടിവിസ്റ്റുകള്‍ക്ക് എന്താ ശബരിമലയില്‍ കയറിക്കൂടെയെന്ന് കെ.ആര്‍ മീര ചോദിച്ചു. സ്ത്രീകള്‍ എന്നും ആക്ടിവിസ്റ്റുകളാണ്. വീട്ടിലും അടുക്കളയിലും എല്ലാം അവര്‍ ആക്ടിവിസ്റ്റുകളാണ്. വേണമെങ്കില്‍ മാവോവാദികള്‍ക്ക് കയറാമെന്നും കെ.ആര്‍ മീര പറഞ്ഞു.

“”എനിക്ക് പ്രായമായിട്ടില്ല എന്ന് മനസിലാക്കാന്‍ ശബരിമല വിധി വേണ്ടിവന്നു. അങ്ങനെയുള്ള കാര്യങ്ങള്‍ ആ വിധി മനസിലാക്കിത്തന്നു. അവിടെ എത്രയോ കാലമായി സ്ത്രീകള്‍ കയറുന്നു. ഇനിയും കയറും.”” കെ.ആര്‍ മീര പറഞ്ഞു.

ശബരിമലയില്‍ പോകുന്നതാണോ തുല്യനീതി എന്ന സുഗതകുമാരിയുടെ പ്രസ്താവന എന്നെ വിഷമിപ്പിച്ചു. അവരെപ്പോലെ ഉള്ള ഒരാള്‍ അങ്ങനെ ഒരിക്കലും പറയാന്‍ പാടില്ലായിരുന്നുവെന്നും കെ.ആര്‍ മീര പറഞ്ഞു.

ഇത്രയും സ്ത്രീകള്‍ വനിതാ മതിലിന് വേണ്ടി പുറത്തിറങ്ങിയെങ്കില്‍ ഫെമിനിസം തകര്‍ന്നിട്ടില്ലെന്നതിന്റെ തെളിവാണ്. ഇനി സ്ത്രീകളെ വീട്ടിലിരുത്താന്‍ പാടായിരിക്കും. അശുദ്ധിയാണ് അധികാരത്തിന്റെ ഏറ്റവും വലിയ ആയുധം. ഇക്യുവിലും ഐക്യുവിലും സ്ത്രീകള്‍ പുരുഷനൊപ്പം തന്നെയാണ്. അധികാരത്തിലാണ് ഇനി തുല്യത വേണ്ടതെന്നും കെ.ആര്‍ മീര പറഞ്ഞു.

വാര്‍പ്പുമാതൃകയെ പൊളിക്കുന്ന സ്ത്രീ പോരാളിയാണ്. സ്ത്രീയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു പുരുഷനും ഇഷ്ടമല്ല. സ്ത്രീകള്‍ അധികാരികളായി വരുമ്പോള്‍ നമ്മള്‍ അനുസരിക്കും. പക്ഷെ വീട്ടില്‍ അത് സ്വീകരിക്കാന്‍ നമ്മള്‍ ഒരുക്കമല്ല. പുരുഷനും സ്ത്രീയും പുരുഷന്‍ എന്ന വാര്‍പ്പുമാതൃകയുടെ പിടിയിലാണെന്നും കെ.ആര്‍ മീര പറഞ്ഞു.

മധ്യവര്‍ഗത്തിന്റെ അദൃശ്യ ചരട് ഇപ്പോഴും സ്ത്രീയെ ബന്ധിച്ചിട്ടുണ്ട്. വിക്ടോറിയന്‍ സദാചാരമൂല്യങ്ങള്‍ അതിനെ പിടിമുറുക്കിയിട്ടുണ്ട്.

വിവാഹമെന്ന കെട്ട് അനാവശ്യമെങ്കില്‍ ഒഴിവാക്കണം. വിവാഹത്തിന് ഒരു മെച്ചപ്പെട്ട രൂപം കണ്ടെത്താന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ആണും പെണ്ണും അപരിചിതരായി വിവാഹം കഴിക്കുന്നതിനു പകരം പരസ്പരം അറിഞ്ഞു വേണം അതിലേക്ക് പ്രവേശിക്കാന്‍. പെണ്ണുകാണലിനു പകരം ഒരു ആണ് കാണലും ആവശ്യമാണ്. കെ.ആര്‍ മീര പറഞ്ഞു.

ഗതികെട്ട ധൈര്യമില്ലാത്ത പ്രവൃത്തിയാണ് തന്റേടത്തോടെ കഴിയുന്ന ഒരു സ്ത്രീയെ വ്യഭിചാരി എന്ന് പറയുന്നത്. സ്ത്രീ ലൈംഗികതയെ കുറിച്ച് സംസാരിക്കുമ്പോള്‍ അവളെ വിലക്കുന്നതാണ് നമ്മുടെ ശീലം.

Latest Stories

We use cookies to give you the best possible experience. Learn more