| Tuesday, 6th February 2018, 9:43 am

എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും; പേടി കൊണ്ടു നാവു വരണ്ടു കാണും; ആര്‍.എസ്.എസിനെ പരിഹസിച്ച് കെ.ആര്‍ മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍.എസ്.എസ് ആക്രമണത്തിനെതിരെ രൂക്ഷപരിഹാസവുമായി എഴുത്തുകാരി കെ.ആര്‍ മീര.

ഏഡേ മീത്രോം കുരീപ്പുഴയങ്ങ് വിരണ്ട് കാണും എന്ന് പറഞ്ഞാണ് കെ. ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പേടി കൊണ്ട് കുരീപ്പുഴയുടെ നാവു വിരണ്ടുകാണുമെന്നും ശരീരം കിടുകിടാ വിറച്ചുകാണുമെന്നും കേട്ടതെറിയോര്‍ത്തു കരഞ്ഞുകാണും എന്ന് പറഞ്ഞുകൊണ്ടാണ് കവിതാ രൂപത്തില്‍ കെ.ആര്‍ മീര ആര്‍.എസ്.എസിന്റെ ചെയ്തികളെ വിമര്‍ശിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഡേ മിത്രോം,
കുരീപ്പുഴയങ്ങു വിരണ്ടു കാണും.
പേടി കൊണ്ടു നാവു വരണ്ടു കാണും.
ശരീരം കിടുകിടാ വിറച്ചു കാണും.
കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.
ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.
ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.
ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.
രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.
ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.
മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.
ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.
ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ
ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.
ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.
ശാഖയില്‍ ചേര്‍ന്നു കാണും.
നിക്കറെടുത്തിട്ടു കാണും.
ചുവന്ന കുറി തൊട്ടു കാണും.
ഓറഞ്ച് ചരടു കെട്ടിക്കാണും.
എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.
നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.

“പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും” പാടേ കുലുങ്ങിക്കാണും !

We use cookies to give you the best possible experience. Learn more