| Tuesday, 2nd September 2025, 3:21 pm

ശബരിമല യുവതി പ്രവേശനം; നിലപാട് തിരുത്തിയാല്‍ സര്‍ക്കാരിന് വലിയ വില നല്‍കേണ്ടിവരും: കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരിന് ഇനി ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് കെ.പി.എം.എസ് (കേരള പുലയര്‍ മഹാസഭ) ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പരിഷ്‌കരണ ചിന്തയില്‍ നിന്ന് പിന്‍മാറിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും യുവതി പ്രവേശനമെന്ന അധ്യായമേ വിട്ടുകളഞ്ഞതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് എം.വി ഗോവിന്ദന്റെ കാഷ്വല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണെന്ന് പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പുന്നല ശ്രീകുമാര്‍.

ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിന് ഒഴിയാനാകില്ലെന്ന് പറഞ്ഞ കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി, പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നാണ് ചോദ്യമെന്നും പറഞ്ഞു.

അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയവാദികള്‍ പറയുന്നതെന്നും എന്നാല്‍ വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന.

എന്നാല്‍ അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ആഗോള തീര്‍ത്ഥാടന കേന്ദ്രത്തിന് വേണ്ടിയുള്ള കൂട്ടായ്മ മാത്രമാണതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ വിവാദം അനാവശ്യമാണെന്നും കെ.പി.എം.എസ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Content Highlight: KPMS General Secretary Punnala Sreekumar Says the government will have to pay a heavy price if it changes its stance of Sabarimala women’s entry

We use cookies to give you the best possible experience. Learn more