കേരള ക്രിക്കറ്റ് ലീഗിന്‍ന്റെ രണ്ടാം എഡിഷനില്‍ ജയത്തോടെ തുടങ്ങി തൃശൂര്‍ ടൈറ്റന്‍സ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ടീം സ്വന്തമാക്കിയത്. റിപ്പിള്‍സ് ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം ടൈറ്റന്‍സ് 21 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും ഒറ്റയക്കത്തിന് നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ ഏഴ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ എട്ട് റണ്‍സ് മാത്രമാണ് ജലജ് സക്‌സേനയ്ക്ക് നേടാന്‍ സാധിച്ചത്.
എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന്‍ ചെറുത്തുനിന്നു. 38 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. മൂന്ന് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അഭിഷേക് പി. നായര്‍, അനുജ് ജോതിന്‍, അക്ഷയ് ടി.കെ എന്നിവര്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാതെ കടന്നുപോയപ്പോള്‍ ശ്രീരൂപ് എം.പി ചെറുത്തുനിന്നു. 23 പന്ത് നേരിട്ട താരം 30 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റിപ്പിള്‍സ് 151ന് പോരാട്ടം അവസാനിപ്പിച്ചു.
ടൈറ്റന്‍സിനായി സിബിന്‍ ഗിരീഷ് നാല് വിക്കറ്റുമായി തിളങ്ങി. ആനന്ദ് ജോസഫ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഇഷാഖ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് തുടക്കത്തിലേ തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ തന്നെ സെഞ്ച്വറി കൂട്ടുകെട്ടുമായി ടൈറ്റന്‍സ് മത്സരത്തില്‍ മേധാവിത്തം സ്ഥാപിച്ചു. അര്‍ധ സെഞ്ച്വറികളുമായി ഓപ്പണര്‍മാര്‍ രണ്ട് പേരും തിളങ്ങി.
ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെ അഹമ്മദ് ഇമ്രാനെ പുറത്താക്കി വിഗ്നേഷ് പുത്തൂര്‍ കൂട്ടുകെട്ട് തകര്‍ത്തു. 44 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്.
138ല്‍ രണ്ടാം വിക്കറ്റായി ആനന്ദ് കൃഷ്ണനെയും ടീമിന് നഷ്ടപ്പെട്ടു. 39 പന്തില്‍ 63 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. അഞ്ച് സിക്‌സറും രണ്ട് ഫോറുമായി തിളങ്ങിയ താരത്തെ ശ്രീഹരി എസ്. നായരാണ് പുറത്താക്കിയത്.
പിന്നാലെയെത്തിയവര്‍ അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഓഗസ്റ്റ് 23നാണ് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. കാലിക്കറ്റ് ഗ്ലോബ്‌സ്‌റ്റേഴ്‌സാണ് എതിരാളികള്‍.
Content Highlight: KCL: Trissur Titans defeated Alleppey Ripples