| Friday, 11th July 2025, 8:25 pm

പുതിയ കമ്മിറ്റി വന്നതറിഞ്ഞില്ല; കെ.പി.സി.സി വെബ്‌സൈറ്റില്‍ ഇപ്പോഴും കെ. സുധാകരന്‍ തന്നെ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മെയ് ആദ്യവാരത്തില്‍ തന്നെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ പ്രസിഡന്റ് വന്നെങ്കിലും ഇപ്പോഴും കെ.പി.സി.സിയുടെ വെബ്‌സൈറ്റില്‍ കെ. സുധാകരന്‍ തന്നെയാണ് പ്രസിഡന്റ് സ്ഥാനത്തുള്ളത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തിട്ട് മാസങ്ങളായെങ്കിലും വെബ്‌സൈറ്റില്‍ അപ്‌ഡേഷനൊന്നും നടത്തിയിട്ടില്ല.

പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ ഒരു ചിത്രമോ പേരോ പോലും കെ.പി.സി.സിയുടെ വെബ്‌സൈറ്റില്‍ കാണാനില്ല. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ കാണുന്നത് ഒരു വലിയ പോസ്റ്ററാണ്. അതില്‍ ഒരു ഭാഗത്ത് കെ. സുധാകരനും വി.ഡി. സതീശനും മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയും മറു വശത്ത് രാഹുല്‍ ഗാന്ധിയുമാണുള്ളത്.

ആ ചിത്രം സ്ലൈഡ് ചെയ്യുമ്പോള്‍ കാണുന്നതാകട്ടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന പോസ്റ്ററും. ഏറ്റവും അവസാനമായി ഈ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. വെബ്‌സൈറ്റിന്റെ മുകളിലെ മെനു ബാറില്‍ ഭാരവാഹികളെ അറിയാനുള്ള ഒരു നാവിഗേഷനുണ്ടെങ്കിലും അതില്‍ ആരുടെയും പേരോ മറ്റു വിവരങ്ങളോ ഇല്ല.

വെബ്‌സൈറ്റ് സ്‌ക്രോള്‍ ചെയ്ത് താഴേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിന്റെ ചരിത്രവും പ്രവര്‍ത്തനവും ഘടനയുമെല്ലാം പറയുന്നുണ്ട്. ഇതിന് താഴെയുള്ള ഒരു ഭാഗത്ത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെയെല്ലാം ചിത്രത്തോട് കൂടിയുള്ള വിവരങ്ങളുണ്ട്.

ഇതില്‍ കെ. സുധാകരനൊപ്പം നല്‍കിയിട്ടുള്ള വിവരണം പാര്‍ലമെന്റ് അംഗം, കെ.പി.സി.സി. പ്രസിഡന്റ് എന്നാണ്. ഇവിടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിപാദാസ് മുന്‍ഷിയുടെ ചിത്രവും വിവരവുമുണ്ട്. ഇവര്‍ക്ക് പുറമെ എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, വി.ഡി. സതീശന്‍ തുടങ്ങിയവരുടെ ചിത്രങ്ങളുണ്ട്. എന്നാല്‍ ഇവിടെയും നിലവിലെ കെ.പി.സി.സി. പ്രസിഡന്റിന്റെ ചിത്രമോ പേരോ ഇല്ല.

2025 മെയ് മാസത്തിലാണ് കെ.പി.സി.സിക്ക് പുതിയ നേതൃത്വം വന്നത്. അഡ്വ. സണ്ണി ജോസഫ് പ്രസിഡണ്ടും ഷാപി പറമ്പില്‍, എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരുമടങ്ങുന്നതാണ് പുതിയ കമ്മിറ്റി. എന്നാല്‍ കമ്മിറ്റി മാറിയ വിവരം വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തിട്ടില്ല.

content highlights: KPCC website still has K. Sudhakaran is the President

We use cookies to give you the best possible experience. Learn more