| Saturday, 18th October 2025, 12:55 pm

കെ. മുരളീധരന്‍ ശബരിമല വിശ്വാസ സംരക്ഷണ യാത്രാ സമാപനത്തില്‍ പങ്കെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ:  കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണ യാത്രാ സമാപനത്തില്‍  പങ്കെടുക്കും. കെ.പി.സി.സി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും മുരളീധരന്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാനായി ഗുരുവായൂരില്‍ നിന്നും പന്തളത്തേക്ക് റോഡ് മാര്‍ഗം പുറപ്പെട്ടിരിക്കുകയാണ് കെ. മുരളീധരന്‍.

കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്രയുടെ ജാഥാ ക്യാപ്റ്റനായിരുന്നു കെ. മുരളീധരന്‍. കെ.പി.സി.സി പുനസംഘടനയില്‍ പ്രതിഷേധിച്ച് നേരത്തെ വിട്ടുനില്‍ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. സംഭവം ചര്‍ച്ചയായതോടെയാണ് നിലപാട് മാറ്റിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച നാല് യാത്രകള്‍ പന്തളത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ സമാപനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന്‍ നേരത്തെ അറിയിക്കുകയായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായാണ് യാത്രയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കെ. മുരളീധരന്റെ അടുത്തവൃത്തങ്ങള്‍ അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം താന്‍ നയിച്ച വിശ്വാസ സംരക്ഷണ യാത്ര കാസര്‍ഗോഡ് നിന്നും ആരംഭിച്ച് ചെങ്ങന്നൂരില്‍ ഔദ്യോഗികമായി അവസാനിച്ചിരുന്നെന്നും അതുകൊണ്ടുതന്നെ യു.ഡി.എഫ് നയിക്കുന്ന യാത്രയില്‍ തന്റെ പങ്കാളിത്തം ആവശ്യമില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ വാദം.

K MURALEEDARAN

അതേസമയം, കെ.പി.സി.സി പുനസംഘടനയിലെ അതൃപ്തിയാണ് കെ. മുരളീധരന്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് ന റിപ്പോര്‍ട്ടുകള്‍. കെ.സി വേണുഗോപാലിനോട് കൂറുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചെന്നാണ് കോണ്‍ഗ്രസിലെ എ, ഐ വിഭാഗങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനം.

കെ.സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്നതിലെ നീരസമാണ് കെ. മുരളീധരന്‍ ജാഥയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ശ്രമിച്ചതിന്  പിന്നിലെന്നാണ് സൂചന. കെ.പി.സി.സി പുനസംഘടനയില്‍ തന്റെ നോമിനിയെ   പരിഗണിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിച്ചിരുന്നില്ല.

പുനസംഘടനയെ കുറിച്ചുള്ള വിവാദത്തെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചിരുന്നില്ല. കെ. മുരളീധരന് ഗുരുവായൂര്‍ ദര്‍ശനമുണ്ടാകും, അതുകൊണ്ടായിരിക്കാം യാത്രയില്‍ പങ്കെടുക്കാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ.പി.സി.സി പുനസംഘടനയിലും യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയിലും കെ.സി വേണുഗോപാലിന്റെ താത്പര്യങ്ങളാണ് പരിഗണിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇതിനിടെ ചാണ്ടി ഉമ്മനും യാത്രയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും മുന്‍ കെ.എസ്.യു സംസ്ഥാനധ്യക്ഷന്‍ കെ.എം അഭിജിത്തിനെ കെ. മുരളീധരന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഷാഫി പറമ്പിലിന്റെ പിന്തുണയുള്ള ഒ.ജെ ജനീഷിനാണ് നറുക്ക് വീണത്. ചാണ്ടി ഉമ്മന്‍ അബിന്‍ വര്‍ക്കിക്ക് വേണ്ടി രംഗത്തെത്തിയതും ഇതിനിടെ ചര്‍ച്ചയായിരുന്നു.

അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത്, ബിനു ചുള്ളിയില്‍, ഒ.ജെ. ജനീഷ് തുടങ്ങിയവരാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.

എന്നാല്‍, ഷാഫി പക്ഷത്തുനിന്നുള്ള ഒ.ജെ. ജനീഷ് അന്തിമവിജയം നേടുകയായിരുന്നു. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായും അഭിജിത്തിനെയും അബിന്‍ വര്‍ക്കിയെയും ദേശീയ സെക്രട്ടറിമാരായും നിയമിച്ചിരുന്നു. എന്നാല്‍ സ്ഥാനമേറ്റെടുക്കില്ലെന്ന നിലപാടിലാണ് അഭിജിത്തും അബിന്‍ വര്‍ക്കിയും.

Content Highlight: Protest against KPCC reorganization; K. Muraleedharan will not attend  Sabarimala vishwasa samrakshana yatra

We use cookies to give you the best possible experience. Learn more