മലപ്പുറം: മുന്‍ നിലമ്പൂര്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറുമായി സഹകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പി.വി. അന്‍വറിനെ യു.ഡി.എഫിലെ അസോസിയേറ്റ് മെമ്പറാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നല്ല കാര്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫില്‍ കൂടുതല്‍ ഘടകകക്ഷികളെ ചേര്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. പായസത്തിൽ മധുരം എത്ര കൂടിയാലും കുഴപ്പമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അന്‍വറിനെതിരായ ഇ.ഡി അന്വേഷണത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. ഇത്തരം ഗൂഢാലോചനകളെ നേരിടാനുള്ള പ്രതിരോധ ശേഷി അന്‍വറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്ര എം.എല്‍.എയായിരുന്ന പി.വി. അന്‍വറിനെ രാഷ്ട്രീയ ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടി കൈവിട്ടിരുന്നു.
പിന്നീട് എം.എല്‍.എ സ്ഥാനം രാജിവെച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നാലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച അന്‍വര്‍ യു.ഡി.എഫിന്റെ ആര്യടാന്‍ ഷൗക്കത്തിനോട് പരാജയപ്പെട്ടിരുന്നു.
ഇക്കാലയളവില്‍ യു.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്ന് അന്‍വര്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്‍വറിന് അനുകൂലമായ ഒരു തീരുമാനം യു.ഡി.എഫ് സ്വീകരിച്ചിരുന്നില്ല.
പിന്നാലെ യു.ഡി.എഫിലെ ഒരു അസോസിയേറ്റ് മെമ്പറെങ്കിലും ആക്കണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: KPCC President Sunny Joseph says UDF will cooperate with PV Anvar