| Wednesday, 3rd September 2025, 6:22 pm

സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം; മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: സണ്ണി ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്.

സാധാരണക്കാരോടുള്ള പൊലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് കസ്റ്റഡിയില്‍ സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ മര്‍ദനമെന്നും മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കേരള മനസാക്ഷിയെ നടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ.പി.സി.സി അധ്യക്ഷന്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട രംഗത്തെത്തിയത്.

സി.പി.ഐ.എമ്മും മുഖ്യമന്ത്രിയും പൊലീസിനെ രാഷ്ട്രീയവത്കരിച്ചതിന്റെ ഫലമാണിതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

‘ചൊവ്വന്നൂര്‍ മേഖലയില്‍ പൊതുസ്വീകാര്യനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സുജിത്ത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിന്റെ നടപടി ചോദ്യം ചെയ്തതിന്റെ പകയാണ് ഉദ്യോഗസ്ഥര്‍ തീര്‍ത്തത്. ഇത്തരം ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് കളങ്കമാണ്. ഇവരെ ഇപ്പോഴും സര്‍വീസില്‍ തുടരാന്‍ അനുവദിച്ച ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഈ കേസില്‍ ഉത്തരവാദികളാണ്,’ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലെഴുതി.

സുജിത്തിനെ മര്‍ദിച്ച കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ. നുഹ്‌മാന്‍, സി.പി.ഒമാരായ ശശിന്ദ്രന്‍, സന്ദീപ്, സജീവന്‍  എന്നിവരെ പേരെടുത്ത് പറഞ്ഞ സണ്ണി ജോസഫ് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞു.

സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു.

2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തുകയും രണ്ട് പേരുടെയും വാദം കേള്‍ക്കുകയും ചെയ്ത ശേഷമാണ് സുജിത്ത് ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

തുടര്‍ന്ന് കോടതിയുടെ നിര്‍ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി.

പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസെടുക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല.

ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസിനെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.

Content Highlight: KPCC President Sunny Joseph has demanded that the policemen who beat up Youth Congress Mandal President V.S. Sujith be dismissed from service.

We use cookies to give you the best possible experience. Learn more