| Saturday, 24th May 2025, 12:30 pm

ഒരു പാര്‍ട്ടി വീട് വെച്ച് നല്‍കി; കിണറ്റില്‍ പൂച്ച വീണപ്പോള്‍ എടുക്കാന്‍ വന്ന പാര്‍ട്ടിയില്‍ വീട്ടുടമ ചേര്‍ന്നു; മറിയക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തില്‍ സണ്ണി ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെന്‍ഷന്‍ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തില്‍ പരിഹാസവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഒരു പാര്‍ട്ടി വീട് വെച്ച് നല്‍കി, കിണറ്റില്‍ പൂച്ച വീണപ്പോള്‍ എടുക്കാന്‍ വേറോരു പാര്‍ട്ടി വന്നു, വീട്ടുടമ ആ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നാണ് മറിയക്കുട്ടിയുടെ പാര്‍ട്ടി പ്രവേശനത്തെക്കുറിച്ച് സണ്ണി ജോസഫ് പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തന്റെ ആപത്ഘട്ടത്തില്‍ കോണ്‍ഗ്രസ് കൂടെ നിന്നില്ല എന്നായിരുന്നു ബി.ജെ.പി പ്രവേശനത്തിനെക്കുറിച്ച് മറിയക്കുട്ടി പ്രതികരിച്ചത്. തന്നെ ആളാക്കിയത് കോണ്‍ഗ്രസുകാരല്ല ബി.ജെ.പിയും സുരേഷ് ഗോപിയുമാണെന്നും പറഞ്ഞുകൊണ്ടാണ് മറിയക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത്.

നേരത്തെ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമായി അടിമാലി ടൗണില്‍ പ്രതിഷേധിച്ച മറിയക്കുട്ടി സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഇതിനുപിന്നാലെയാണ് കെ.പി.സി.സി നേതൃത്വം മറിയക്കുട്ടിക്ക് വീട് വെച്ചുനല്‍കിയത്.

തൊടുപുഴയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷന്‍ പരിപാടിയിലാണ് മറിയക്കുട്ടി ബി.ജെ.പി മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് മറിയക്കുട്ടിയെ സ്വീകരിച്ചത്. പൊന്നാട അണിയിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്.

ബി.ജെ.പി പ്രവേശനത്തെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമപ്രവ്രര്‍ത്തകനായ കെ.ജെ. ജേക്കബ് അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. മറിയക്കുട്ടിക്ക് കെ.പി.സി.സി പണിത് നല്‍കിയ വീടിനേക്കാള്‍ മാധ്യമശ്രദ്ധ ഷാളിനാകുമെന്ന് കെ.ജെ. ജേക്കബ് പറഞ്ഞിരുന്നു.

‘എല്‍.ഡി.എഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ നാല് ലക്ഷത്തിലേറെ വീടുകള്‍ പണിത് കഴിഞ്ഞ സമയത്താണ് മറിയക്കുട്ടിച്ചേടത്തിക്ക്‌ വീടുവെച്ചുകൊടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതും ചേടത്തി കോണ്‍ഗ്രസായതും.

നാല് ലക്ഷം വീടുകളേക്കാള്‍ മാധ്യമശ്രദ്ധ ഒറ്റ വീടിന് കിട്ടി. അങ്ങനെ കോണ്‍ഗ്രസ് വീടുവെച്ചുകൊടുത്തപ്പോഴാണ് ബി.ജെ.പി ഷാള്‍ കൊടുക്കുന്നതും ചേടത്തി ബി.ജെ.പി ആകുന്നതും. വീടിനേക്കാള്‍ മാധ്യമശ്രദ്ധ ഷാളിനാകും,’ കെ.ജെ. ജേക്കബ് പറഞ്ഞു. തലകുത്തി നോക്കുമ്പോള്‍ എല്ലാം വളരെ ശരിയാണെന്നും വളരെ നോര്‍മലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: KPCC President mocks Maryakutty on her BJP membership

We use cookies to give you the best possible experience. Learn more