| Wednesday, 24th September 2025, 11:49 am

എന്‍.എം. വിജയന്റെ പേരിലുള്ള 63 ലക്ഷത്തിന്റെ കുടിശ്ശിക അടച്ചുതീര്‍ത്ത് കെ.പി.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബത്തേരി: ആത്മഹത്യ ചെയ്ത മുന്‍ വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ബാങ്ക് കുടിശ്ശിക അടച്ചുതീര്‍ത്ത് കെ.പി.സി.സി. ബത്തേരി അര്‍ബന്‍ ബാങ്കിലെ 63 ലക്ഷത്തിന്റെ കുടിശ്ശികയാണ് കെ.പി.സി.സി നേതൃത്വം അടച്ചുതീര്‍ത്തത്.

69 ലക്ഷം രൂപയായിരുന്നു വിജയന് ബാങ്കില്‍ കുടിശ്ശികയുണ്ടായിരുന്നത്. പലിശയിളവ് കഴിഞ്ഞ് 63 ലക്ഷം രൂപയാണ് ഇപ്പോള്‍ കെ.പി.സി.സി അടച്ചുതീര്‍ത്തിരിക്കുന്നത്. ബാങ്ക് കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ തങ്ങള്‍ സത്യാഗ്രഹമിരിക്കുമെന്ന് വിജയന്റെ കുടുംബം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ ഇടപെടല്‍.

സഹകരണ ബാങ്കുകളില്‍ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്ത ലക്ഷങ്ങളുടെ ബാധ്യത തീര്‍ക്കാനായിരുന്നു വിജയന്‍ വീടും സ്ഥലവും പണയപ്പെടുത്തിയത്. ഈ ബാധ്യത തന്റേത് മാത്രമായതോടെ ഒരു മകനൊപ്പം അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇത് വ്യക്തിപരമായി തന്റെ കടം അല്ല എന്ന് ആത്മഹത്യ കുറിപ്പില്‍ വിജയന്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2007 നവംബര്‍ 17നാണ് എന്‍.എം. വിജയന്‍ സഹകരണ ബാങ്കില്‍ നിന്നും 10 ലക്ഷം രൂപ വായ്പയെടുത്തത് എന്നാണ് വിവരം. ഒ.ഡിയായി നല്‍കിയ വായ്പ 3 വര്‍ഷത്തിന് ശേഷം പുതുക്കി 15 ലക്ഷം രൂപയാക്കിയിരുന്നു. 2014 സെപ്റ്റംബറില്‍ ഇത് 25 ലക്ഷമായും ഉയര്‍ത്തി.

2017 നവംബര്‍ 10ന് ബിസിനസ് വായ്പ കാര്‍ഷിക വായ്പയാക്കി മാറ്റുകയും 2019 ഡിസംബറില്‍ ഇത് 40 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. 2021 ഏപ്രിലിലാണ് വായ്പ അവസാനമായി പുതുക്കിയത്. പിന്നീട് വായ്പയിലേക്ക് ഒരു തുകയും അടച്ചിട്ടില്ല.

പാര്‍ട്ടിക്ക് വേണ്ടിയാണ് കടബാധ്യതയുണ്ടായതെന്ന് അത്മഹത്യ കുറിപ്പില്‍ വ്യക്തമാണെന്ന് വിജയന്റെ മരുമകള്‍ പത്മജ കോണ്‍ഗ്രസ് നേതൃത്യത്തെ അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം ഇവരെ കയ്യൊഴിയുകയായിരുന്നു. പിന്നാലെ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

2024 ഡിസംബര്‍ 24നാണ് ഡി.സി.സി ട്രഷററായിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു.

വിജയന്റെ നിര്‍ദേശ പ്രകാരം പത്ത് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവരാണ് തന്റെ മരണത്തിന് കാരണക്കാരെന്നായിരുന്നു വിജയന്‍ ആത്മഹത്യ കുറിപ്പിലെഴുതിയത്.

Content Highlight: KPCC clears N.M. Vijayan’s dues of Rs. 63 lakhs

We use cookies to give you the best possible experience. Learn more