ന്യൂദൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെ.പി.സി.സിയും മുസ്‌ലിം ലീഗും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടത്തുന്നതിൽ ദുരുദ്ദേശമുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും എസ്.ഐ.ആർ തടയണമെന്നും ആവശ്യപ്പെട്ടാണ് കെ.പി.സി.സി സുപ്രീം കോടതിയെ സമീപിക്കുക.
അതേസമയം പി.കെ കുഞ്ഞാലികുട്ടി എസ്.ഐ. ആറിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകി. എസ്.ഐ.ആർ നിർത്തിവെക്കണമെന്നാണ് ഹരജിയിൽ മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്നത്.
എസ്.ഐ. ആർ ജോലി സമ്മർദ്ദമുണ്ടാക്കുമെന്നും ഈ സാഹചര്യത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്.
താത്കാലികമായി എസ്.ഐ. ആർ നടപടികൾ നിർത്തിവെക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നും സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരും സി.പി.ഐ.എമ്മും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നിലവിൽ എസ്.ഐ. ആറിനെതിരെയുള്ള ഹരജികൾ സുപ്രീം കോടതിയുടെ
പരിഗണയിലുള്ളതിനാൽ എസ്.ഐ.ആറിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാവും ഉചിതമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.
ഇതിനെതിരെ കഴിയുന്നത്ര മുന്നോട്ട് പോകുമെന്നും വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയിൽ മുഴുവനാളുകളും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: KPCC and Muslim League move Supreme Court against SIR