| Tuesday, 26th May 2020, 8:04 am

ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മുസ്‌ലിം ലീഗ്; പള്ളികള്‍ തുറക്കാനാവശ്യപ്പെടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഹുസൈന്‍ മടവൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് മുന്‍കരുതല്‍ ഉറപ്പാക്കിയും ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ ആരാധനാലയങ്ങളും മാസങ്ങളായി അടച്ചിട്ട് സഹകരിച്ചിട്ടുണ്ട്.

ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവും വിശുദ്ധ റമദാനും പെരുന്നാള്‍ ദിനത്തിലുമെല്ലാം ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ഥനകള്‍ ഒഴിവാക്കി വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ഥന നിര്‍ഭരമാവുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കുപോലും പുറത്തിറങ്ങാനാവുന്ന രീതിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി സര്‍ക്കാര്‍ തന്നെ പറയുന്നു.

ഷോപ്പുകളും ബസ് സര്‍വിസും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇത്രകാലവും എല്ലാ നിര്‍ദേശങ്ങളും പാലിച്ച ബോധമുള്ള ആരാധനാലയ അധികാരികളെ വിശ്വാസത്തിലെടുത്ത് സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച് അവ തുറക്കാന്‍ അനുവദിക്കണമെന്ന് മജീദ് പ്രസ്താവനയില്‍ പറഞ്ഞു.


എന്നാല്‍ കേരളത്തില്‍ കൊവിഡ് 19 രോഗബാധിതര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പള്ളികള്‍ പെട്ടെന്ന് തുറക്കാനാവശ്യപ്പെടുന്നത് കൂടുതല്‍ ആപത്തുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മുഖ്യമന്ത്രി മുസ്‌ലിം സംഘടനാ നേതാക്കളുമായി നടത്തിയ അഭിമുഖത്തില്‍ എല്ലാവരും അംഗീകരിച്ചതും വൈറസ് വ്യാപനം അവസാനിക്കുന്നതുവരെ പള്ളികള്‍ അടച്ചിടാമെന്ന് തന്നെയാണ്.

എന്നാല്‍, കടകളും മാളുകളും തുറക്കാന്‍ അനുമതി നല്‍കിയതുപോലെ പള്ളികളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കണമെന്ന് ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പെരുന്നാളിനോടനുബന്ധിച്ച് നല്‍കിയ ഓണ്‍ലൈന്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ഒരു നിര്‍ദേശവും അടിച്ചേല്‍പിച്ചിട്ടില്ല. കേരളത്തിലെ എല്ലാ മത സംഘടന നേതാക്കളും നിര്‍ദേശിച്ചതനുസരിച്ചാണ് ഇപ്പോഴത്തെ നില തുടരാന്‍ തീരുമാനിച്ചതെന്ന്, യോഗത്തില്‍ പങ്കെടുത്ത വ്യക്തിയെന്ന നിലക്ക് പറയാന്‍ സാധിക്കും.’

ആദ്യം സംസാരിച്ച സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരാണ് നിലവിലുള്ള അവസ്ഥ തുടരുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് സംസാരിച്ച എല്ലാവരും ഇത് അംഗീകരിച്ചു. രോഗബാധ കുറഞ്ഞ് സാധാരണ അവസ്ഥയിലെത്തിയാല്‍ വീണ്ടും യോഗം ചേര്‍ന്ന് ആലോചിച്ച് വേണ്ടത് തീരുമാനിക്കാമെന്നാണ് അന്ന് ധാരണയായതെന്നും അദ്ദേഹം പറഞ്ഞു.

പെരുന്നാളിനോടനുബന്ധിച്ച് മക്കയിലും മദീനയിലുമുള്‍പ്പെടെ സൗദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കര്‍ഫ്യൂ ശക്തമാക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളികളില്‍നിന്ന് കൊവിഡ് പ്രചരിക്കുന്ന അവസരമുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അതിനാല്‍ ഇപ്പോള്‍ പള്ളികള്‍ തുറക്കണമെന്ന് മുറവിളി കൂട്ടുന്നത് ശരിയല്ലെന്നും കെ.എന്‍.എം വൈസ് പ്രസിഡന്റ് കൂടിയായ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more