കോഴിക്കോട്:കോഴിക്കോട്: കേശപള്ളി വിവാദവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്. എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മജീദ് നിലപാട് വ്യക്തമാക്കി തുറന്നടിക്കുന്നത്. കോഴിക്കോട് ഇത്തരത്തില്‍ ഒരു പള്ളിയുടെ ആവശ്യമില്ലെന്നും കാന്തപുരം വിഭാഗമെന്ന് പറയുന്നത് വെറുമൊരു പണ്ഡിത സഭയല്ലെന്നും അതൊരു കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ആണെന്നും മജീദ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഒരു ചോദ്യത്തിനുള്ള മറുപടിയായി കെ.പി.എ മജീദ് പറയുന്നതിങ്ങനെ: “ഇപ്പോള്‍ എ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള വിരോധം സ്ഥായിയാണെന്ന് വിശ്വസിക്കാനാകില്ല. അത് താല്‍ക്കാലിക പ്രതിഭാസമാണ്. അത് പ്രത്യേക സാഹചര്യത്തില്‍ വന്ന് ഭവിച്ചതാകാനേ വഴിയുള്ളൂ. അതുകൊണ്ട് അതില്‍ മുതലെടുപ്പിന്റെ പ്രശ്‌നം വരുന്നില്ല. അവര്‍ക്ക് ഒരിടത്ത് സ്ഥായിയായി നില്‍ക്കാന്‍ കഴിയില്ല. കാന്തപുരം വിഭാഗമെന്ന് പറയുന്നത് വെറുമൊരു പണ്ഡിത സഭയല്ല. അതൊരു കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ആണ്. അവര്‍ക്ക് അതിന്റെതായ കാര്യങ്ങളുണ്ടാവും. ഭരണ വിഭാഗത്തെ അവര്‍ക്ക് വെറുപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. കേന്ദ്രത്തില്‍ ബി.ജെ.പിയാണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും ഒക്കെ അങ്ങിനെ തന്നെ. അതുകൊണ്ട് തന്നെ അവരുടെ നിലപാട് അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കും”.
കാന്തപുരം വിഭാഗത്തെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനോട് ഉപമിച്ചത് വരും ദിനങ്ങളില്‍ ലീഗിനുള്ളിലും പുറത്തും ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം സത്യധാരയില്‍ തന്റെതായി വന്ന പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന ആരോപണവുമായി കെ.പി.എ മജീദ് രംഗത്തെത്തിയിട്ടുണ്ട്. എ.പി വിഭാഗം പണ്ഡിത സഭയല്ലെന്നും കോര്‍പ്പറേറ്റ് മാനേജ്‌മെന്റാണെന്നും പറയാന്‍ താന്‍ വിഢിയല്ലെന്നും അര്‍ധസത്യങ്ങള്‍ നിറഞ്ഞതാണ് അഭിമുഖമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിന്റെ ആദ്യഘട്ടത്തില്‍ കേശ പള്ളി വിവാദവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന മജീദ് പിന്നീട് ശക്തമായ നിലപാടാണ് കൈക്കൊള്ളുന്നത്. കാന്തപുരത്തിന്റെ കയ്യിലുള്ള കേശം പ്രവാചകന്റേതല്ലെന്നും ചൂഷണ വിദ്യയാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഒരു കാര്യം പറഞ്ഞാല്‍ ഞാന്‍ അതിനോട് യോജിക്കുന്നുണ്ടോയെന്ന ചോദ്യം പോലും അപ്രസക്തമാണെന്നാണ് മജീദിന്റെ മറുപടി.
കാന്തപുരം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മുടിപ്പള്ളിയിലും അതിനു ചുറ്റും വരുന്ന ടൗണ്‍ഷിപ്പിലും മുസ്‌ലിം ലീഗിലെ പല പ്രമുഖര്‍ക്കും പങ്കാളിത്തമുണ്ടെന്ന് ശ്രുതിയുണ്ടല്ലോയെന്ന ചോദ്യത്തിന്, അങ്ങിനെയൊന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മജീദ് മറുപടി പറയുന്നു. “കോഴിക്കോട് ഇത്തരത്തില്‍ ഒരു പള്ളിയുടെ ആവശ്യമില്ല. ഇനി അതിനുവേണ്ടി ഒരു പള്ളിയുണ്ടാക്കുകയെന്ന ആശയത്തോട് തത്വത്തില്‍ യോജിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് എനിക്ക് തോന്നുന്നുമില്ല. ഇവിടെ യോജിക്കേണ്ട കാര്യമില്ല. അതൊരു വ്യാപാര സമുച്ഛയം അടക്കമുള്ള സംവിധാനമാണ്. കച്ചവടക്കാര്‍ പലതിലും കൂടും. അത് ശരിക്കും ഒരു കച്ചവട സ്ഥാപനമാണ്. പേരിനൊരു പള്ളിയെന്നേ ഉള്ളൂ” മജീദ് വ്യക്തമാക്കുന്നു.
എ.പി വിഭാഗത്തിനോ കാന്തപുരത്തിന്റെ മകനോ മുസ്‌ലിം ലീഗ് പ്രത്യേകമായ ഒരു സൗജന്യവും നല്‍കിയിട്ടില്ലെന്നും കാന്തപുരത്തിന്റെ മകന്‍ ദേശീയ ഉറുദു കൗണ്‍സിലില്‍ അംഗത്വം നേടിയത്് അവരുടെ ദല്‍ഹിയിലെ സ്വാധീനം ഉപയോഗിച്ചാണെന്നും മജീദ് വ്യക്തമാക്കുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ലീഗിനൊപ്പം നിന്ന സമസ്തയെ പിണക്കുകയോ അവരുടെ അഭിപ്രായങ്ങള്‍ അവഗണിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവില്ലെന്നും മജീദ് വ്യക്തമാക്കുന്നുണ്ട്.