| Saturday, 24th May 2025, 8:57 pm

വീണ്ടും കെ.പി.ശശികല; പട്ടികജാതിക്കാരുടെ വിഷയം ഫലസ്തീനല്ല; വേടന്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പിന്നില്‍ മറ്റാരൊക്കെയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: റാപ്പര്‍ വേടനെതിരെ വീണ്ടും വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. വേടന്റെ വരികള്‍ ശുദ്ധമല്ലെന്നും വേടന്റെ പിന്നിലാരൊക്കെയോ ഉണ്ടെന്ന വിമര്‍ശനവുമായാണ് കെ.പി. ശശികല രംഗത്തെത്തിയത്.

ഇവിടെയുള്ള പാവപ്പെട്ട പട്ടികജാതിക്കാരുടെ വിഷയം ഫലസ്തീനിന്റെ മോചനമല്ലെന്നും ആ ഫലസ്തീനിന്റെ പതാക ഉയര്‍ത്തിക്കൊണ്ട് അവര്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ ഇവിടെയുള്ള വിഷയങ്ങളൊന്നും കാണുന്നില്ലെന്നും അന്താരാഷ്ട്ര വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും ശശികല പറഞ്ഞു.

അതുകൊണ്ട് തന്നെ പിന്നില്‍ ആരോ ഉണ്ടെന്നും ആരാണെന്ന് കൃത്യമായി കണ്ടത്തേണ്ടതുണ്ടെന്നും കല നല്ലതാണെങ്കിലും വരികള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും അത് ഭൂഷണമല്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതിന് പിന്നാലെയാണ് റാപ്പര്‍ വേടനെ അറിയുന്നതെന്നും ആ കലാരൂപത്തിനെ കുറിച്ച് അറിയുന്നതെന്നും ശശികല പറഞ്ഞു. കല ആസ്വാദനത്തിനുള്ളതാണെന്നും ആളുകളെ ഭിന്നിപ്പിക്കാനുള്ളതാവരുത് കലയെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഇവിടെ ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയാണെങ്കിലുംതൈക്കാട് അയ്യാവുവാണെങ്കിലും പണ്ഡിറ്റ് കറുപ്പനാണെങ്കിലുമെല്ലാം എല്ലാവരെയും കോര്‍ത്തുപിടിച്ചാണ് നവോത്ഥാനം നടപ്പിലാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വേടന്‍ കലയിലൂടെ ജാതിയിലൂടെ ഭേദചിന്ത ഉണ്ടാക്കുകയാണെന്നും ലങ്കന്‍ പുലികള്‍ക്ക് ദാഹിക്കുന്നുവെന്നും പറഞ്ഞ ശശികല ലങ്കന്‍പുലികളുടെ ദാഹം മാറ്റാന്‍ ഭാരതം പ്രധാനമന്ത്രിയുടെ രക്തം കൊടുത്തിട്ടുണ്ടെന്നും ശശികല പറഞ്ഞു.

ഇനിയും ലങ്കന്‍ പുലികള്‍ക്ക് ദാഹിച്ച് കേരളത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെങ്കില്‍ അത് ഭയക്കണമെന്നും അതിന് പിന്നില്‍ ആരോ ഉണ്ടെന്നും ശശികല പറഞ്ഞു. ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ശശികല.

സംഘപരിവാര്‍ നേതാക്കള്‍ കഞ്ചാവടിച്ച കലാരൂപങ്ങളെ കുറിച്ച് പറയുമ്പോള്‍ അതിനെ എല്ലാവരും എതിര്‍ക്കുമെന്നും അവര്‍ ഫണ്ട് വാങ്ങുന്നത് തങ്ങളെ എതിര്‍ക്കാനാണെന്നും ശശികല ആരോപിച്ചു.

Content Highlight: KP Sasikala says there is someone behind Vedan’s talk of international issues

We use cookies to give you the best possible experience. Learn more