തിരുവനന്തപുരം: ചിന്മയ സ്കൂളിൽ ക്രിസ്മസ് ആഘോഷം വേണ്ടെന്ന സ്കൂൾ മാനേജ്‌മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല.
ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷം പിൻവലിച്ചത് ഗൗരവകരമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തിൽ എത്ര വിദ്യാലയങ്ങളിൽ ഇന്ന് ക്രിസ്മസ് നടക്കുന്നുണ്ടെന്ന് നമുക്ക് സോഷ്യൽ ഓഡിറ്റിംഗ് നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി അറിയട്ടെയെന്നുമായിരുന്നു ശശികലയുടെ പ്രതികരണം.
മതപരമായ ആഘോഷങ്ങൾ നിർബന്ധിച്ച് നടത്തിക്കുന്നതെന്തിനാണെന്നും താത്പര്യമുള്ളവർ ജാതിമത ഭേദമന്യേ ആഘോഷങ്ങൾ നടത്തട്ടെയെന്നും കെ.പി ശശികല പറഞ്ഞു.
സ്കൂൾ മാനേജ്‍മെന്റും സ്റ്റാഫ് കൗൺസിലും പി.ടി.എയുമൊക്കെ നോക്കുകുത്തികളായി നിൽക്കുന്ന അവസ്ഥയാണിതെന്നും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ശശികലയുടെ പ്രതികരണം.
‘ആഘോഷങ്ങൾ നിർബന്ധിച്ച് ആഘോഷിപ്പിക്കേണ്ടതാണോ എന്ന ചർച്ച നടന്നേ പറ്റൂ. ദേശീയ ദിനങ്ങൾ ആഘോഷിക്കാൻ നിർബന്ധിക്കുന്നത് മനസ്സിലാക്കാം. മതപരമായ ആഘോഷങ്ങൾ നിർബന്ധിച്ച് നടത്തിക്കണമോ ? താല്പര്യമുള്ളവർ ജാതി മത ഭേദമെന്യേ ആഘോഷിക്കട്ടെ,’ അവർ പറഞ്ഞു.
സർക്കാർ ദേശീയാഘോഷമായി പ്രഖ്യാപിച്ചതു കൊണ്ടാണ് ഓണം ആഘോഷിക്കുന്നതെന്നും അത് വിദ്യാലയങ്ങളിൽ നടത്തേണ്ടി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
‘ഓണം മതേതരമാണെന്നാണല്ലോ ഇപ്പോഴത്തെ കണ്ടുപിടുത്തം.
എന്നാൽ കൃഷ്ണ ജയന്തിയും ക്രിസ്മസും നബിദിനവുമൊന്നും മതേതര ആലോഷങ്ങളായി പ്രഖ്യാപിച്ചിട്ടുമില്ല,’ അവർ പറഞ്ഞു.
പെരുന്നാൾ ആഘോഷിക്കേണ്ടതല്ലേയെന്നും അവരെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോയെന്നും ശശികല ചോദിച്ചു.
വന്ദേ മാതരം ദേശീയ ഗീതമാണ്. ചിലർ അലങ്കാരമായി കൈവിടാതെ പൊക്കി നടക്കുന്ന ഭരണഘടനയിൽ അത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ ഒരു വിദ്യാലയത്തിലെ കുട്ടിയോ രക്ഷിതാവോ എതിർത്താൽ വന്ദേ മാതരം വിദ്യാലയത്തിൽ ചൊല്ലാൻ പാടില്ലെന്ന നിയമം ഇവിടെയുണ്ടെന്നും ശശികല പറഞ്ഞു.
‘കേരളത്തിൽ എത്ര വിദ്യാലയങ്ങളുണ്ട് അതിൽ എത്ര ഇടത്ത് ഇന്ന് കൃസ്തുമസ്സ് നടന്നു എന്ന് നമുക്ക് സോഷ്യൽ ഓഡിറ്റിംഗ് നടത്താം. ഒരോ രക്ഷിതാവും അവനവൻ്റെ കുട്ടി പഠിക്കുന്ന സ്കൂളിൻ്റെ പേരെഴുതി നടന്നോ ഇല്ലയോ എന്ന് പോസ്റ്റ് ചെയ്യുക.
വിദ്യാഭ്യാസ മന്ത്രി അറിയട്ടെ,’ അവർ കൂട്ടിച്ചേർത്തു.
ചിന്മയ വിദ്യാലയത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ ശക്തമായി പ്രതികരിക്കണമെന്നും ചിന്മയാനന്ദ സ്വാമി നമ്മെ പഠിപ്പിച്ചത് ഭഗവദ് ഗീതയാണെന്നും അവർ പറഞ്ഞു.
ക്രിസ്മസ് ആഘോഷം വേണ്ടെന്ന ചിന്മയ സ്കൂളിന്റെ തീരുമാനത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇടപെട്ടിരുന്നു. തുടർന്ന് ആഘോഷം ഇന്ന് നടത്താമെന്ന തീരുമാനത്തിലെത്തിയിരുന്നു.
ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷം പിൻവലിച്ചത് ഗൗരവകരമാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
Content Highlight: KP Sasikala has supported the school management’s decision not to celebrate Christmas at Chinmaya School