കോഴിക്കോട്: കോഴിക്കോട് വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ യു.ഡി.എഫ് ജില്ലാ നേതാക്കൾ. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിക്ക് സീറ്റ് നൽകില്ലെന്നാണ് ജില്ലാ നേതാക്കളുടെ തീരുമാനം. രാഷ്ട്രീയ വോട്ടുകളെ ബാധിക്കുന്നതിനാലാണ് യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നാണ് വിവരം.
വെൽഫെയർ പാർട്ടിയുമായി ചേർന്ന് സഖ്യമുണ്ടാക്കുന്നതിന് സമസ്ത നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എ.പി. വിഭാഗവും ഇ.കെ വിഭാഗവും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ശരിയല്ലെന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. ഇത് രാഷ്ട്രീയമായി വലിയ ദോഷം ചെയ്യുമെന്നായിരുന്നു സമസ്തയുടെ നിലപാട്.
കഴിഞ്ഞ തവണ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിലെ വെൽഫെയർ സ്ഥാനാർത്ഥിക്ക് യു.ഡി.എഫ് പിന്തുണ നൽകിയിരുന്നെന്നും എന്നാൽ ഇത്തവണ അത് വേണ്ടെന്നും പകരം യു.ഡി.എഫ് തന്നെ മത്സരിക്കുകയാണെന്നുമാണ് നേതാക്കളുടെ തീരുമാനം.
അതേസമയം യു.ഡി.എഫിന്റെ സീറ്റ് വിഭജനം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ 27 സീറ്റുകളായിരുന്നു യു.ഡി.എഫിന് കോഴിക്കോടുണ്ടായിരുന്നത്. ഇത്തവണ 28 സീറ്റുകളാണുള്ളത്.
28 സീറ്റിൽ 14 ഇടത്ത് കോൺഗ്രസും 11 ഇടത്ത് മുസ്‌ലിം ലീഗും മറ്റു മൂന്ന് സ്ഥലങ്ങളിൽ സി.എം.പി, ആർ.എം.പി, കേരള കോൺഗ്രസ് എന്നിവർക്ക് സീറ്റ് നൽകാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ നിന്നും പൂർണമായും വെൽഫെയർ പാർട്ടിയെ മാറ്റി നിർത്തുമെന്നാണ് വിവരം.
പഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുമായുള്ള ധാരണയ്ക്ക് യു.ഡി.എഫ് സഹകരിക്കില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണകൾ ഈ തെരഞ്ഞെടുപ്പിൽ നൽകേണ്ടെന്നുമാണ് പാർട്ടിയുടെ തീരുമാനം.
പ്രതിപക്ഷനേതാവും മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും പരസ്യമായി തന്നെ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടെന്ന് പറയുന്നുണ്ട്. എന്നാൽ രാഷ്ട്രീയമായി ഇത് തിരിച്ചടി ഉണ്ടാക്കുമെന്ന ഘട്ടത്തിലാണ് ജില്ലാ നേതാക്കൾ ഈ തീരുമാനത്തിലെത്തുന്നത്.
Content Highlight: Kozhikode Welfare Party-UDF ; decision not to give seats in district panchayat elections