എലത്തൂര്‍: കോഴിക്കോട്ടെ വിജിന്‍ തിരോധാനക്കേസില്‍ വഴിത്തിരിവ്. കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ വിജിന്റെ സുഹൃത്തുക്കളായ ദീപേഷ്, നിജിന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആറ് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. എലത്തൂര്‍ സ്വദേശിയായ യുവാവിന് അമിത അളവില്‍ ലഹരി നല്‍കിയ ശേഷം ബോധരഹിതനായതോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നു.
യുവാവിനെ സരോവരം പാര്‍ക്കില്‍ കുഴിച്ചിട്ടെന്നാണ് പ്രതികളുടെ മൊഴി. യുവാവിന്റെ ശരീരത്തില്‍ അമിത അളവില്‍ ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ കെട്ടി താഴ്ത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
എന്നാല്‍ വിജിനെ കൊലപ്പെടുത്തിയതല്ലെന്നും ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. നിലവില്‍ പിടിയിലായ രണ്ട് പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
2019ലാണ് വിജിലിനെ കാണാതായത്. കാണാതാവുമ്പോള്‍ യുവാവിന് 29 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വിജിന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തത്. കേസില്‍ രജിത്ത് എന്നയാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.
Content Highlight: Kozhikode Vijin disappearance case; friends arrested