വാകയാട്: കോഴിക്കോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പിന്നാലെ റാഗിങ്ങിനിരയായി വിദ്യാര്‍ത്ഥി. നടുവണ്ണൂര്‍ വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതായാണ് വിവരം. ബാലുശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ (വ്യാഴം)യാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടരുതെന്ന നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകോപിതരായത്. പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ മുമ്പൊരിക്കല്‍ ഈ വിദ്യാര്‍ത്ഥികള്‍ വിലക്കിയിരുന്നതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും സ്‌കൂളില്‍ സമാനമായ സംഭവം നടന്നിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.
ഇന്നലെ വയനാട്ടിലും ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്രൂരമായി മര്ദിക്കപ്പെട്ടിരുന്നു. കണിയാമ്പറ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഷയാസാണ് മര്‍ദനത്തിനിരയായത്.
താടിയും മീശയും വടിക്കാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെന്നും അവരുടെ നിര്‍ബന്ധപ്രകാരം താടി വടിച്ചുവെന്നും എന്നാല്‍ മീശ വടിക്കാത്തതിനാല്‍ അഞ്ച് പേര്‍ ചേര്‍ന്ന് സ്‌കൂളിന് പുറത്തുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ഷയാസാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.
വൈത്തിരി സ്വദേശിയായ ഷയാസ് നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിനും പിന്‍ കഴുത്തിനും ചവിട്ടേറ്റിട്ടുണ്ട്. നാല് ദിവസം മുമ്പാണ് ഷയാസ് കണിയാമ്പറ്റ സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്.
അതേസമയം റാഗിങ് നിരോധന നിയമത്തില്‍ ഭേദഗതിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയുന്നതിനായി 1998ല്‍ നിലവില്‍ വന്ന കേരള റാഗിങ് നിരോധന നിയമമാണ് നിലവിലുള്ളത്.
ഭേദഗതിയുണ്ടായാല്‍ ബോഡി ഷെയിമിങ്ങും ഓണ്‍ലൈന്‍ വഴിയുള്ള റാഗിങ്ങും കുറ്റകരമാക്കും. ബില്ലിന്റെ കരട് രൂപം തയ്യാറായിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നിയമത്തിന് കീഴില്‍ ഉള്‍പ്പെടും. വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നതും റാഗിങ് കുറ്റമായി കാണക്കാക്കുമെന്നാണ് വിവരം.
1998ലെ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ട് ഓണ്‍ലൈന്‍ റാഗിങ്, ബോഡി ഷെയ്മിങ്, വിദ്യാര്‍ത്ഥികളെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ കാര്യങ്ങളും കൂടി റാഗിങ്ങിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം.
Content Highlight: Student brutally beaten for posting on Instagram in Kozhikode