കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തിന് പിന്നാലെ രോഗികള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്.
ഇന്നലെ സ്ഥിരീകരിച്ച മരണങ്ങളില്‍ മൂന്ന് പേരുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. മരിച്ച മൂന്ന് പേരുടെയും മരണം പുക ശ്വസിച്ചല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്നലെ സ്ഥിരീകരിച്ച അഞ്ച് മരണങ്ങളില്‍ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കളും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
അഞ്ച് മരണങ്ങളായിരുന്നു ഇന്നലെ അത്യാഹിത വിഭാഗത്തിലെ അപകടത്തിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ട് പേരെ ആത്മഹത്യ ശ്രമത്തിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരാള്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
മരിച്ച അഞ്ച് പേരെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. ഇതില്‍ മൂന്ന് പേരുടെ റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്ത് വന്നത്. രോഗികളുടെ മരണം പുക ശ്വസിച്ചല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുനന്നു. രോഗികള്‍ മരിച്ചത് പുക ശ്വസിച്ചതിനാല്‍ അല്ലെന്നും അപകടം ഉണ്ടാവുന്നതിന് മുമ്പ് തന്നെ രോഗികളുടെ ആരോഗ്യ നില മോശമായിരുന്നെന്നും പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി. സിദ്ദിഖ് എം.എല്‍.എ ആരോപിച്ചിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്. നസീറ മരിച്ചത് വെന്റിലേറ്ററില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണെന്നായിരുന്നു എം.എല്‍.എ ആരോപിച്ചത്. കൂടാതെ നസീറയുടെ കുടുംബവും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
നസീറയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയായിരുന്നെന്നും ആശുപത്രിയില്‍ അപകടമുണ്ടായതാണ് നസീറയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബം ആരോപിച്ചത്.
മരണപ്പെട്ട അഞ്ച് പേരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോള്‍ തന്നെ മരണം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. മറ്റൊരാളെ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടുവന്നത്. ഇയാളുടെ നില ആശുപത്രിയിലേക്ക് എത്തിക്കുന്ന സമയത്ത് തന്നെ ഗുരുതരമായിരുന്നു. വരുന്ന സമയത്ത് തന്നെ കൗണ്ട് കുറവായിരുന്നു.
മറ്റൊരാള്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ഇയാളുടെ വൃക്കയും തകരാറിലായിരുന്നു. മറ്റൊരാള്‍ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.
ഇന്നലെ (വെള്ളിയാഴ്ച) രാത്രി 7.45-ഓടെയാണ് മെഡിക്കല്‍ കോളേജില്‍നിന്നുള്ള അപകടവാര്‍ത്ത പുറത്തുവന്നത്. ഓക്സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അപകടമുണ്ടായപ്പോള്‍ രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം പരിഭ്രാന്തിയിലായിരുന്നു. തീപ്പിടിത്തമാണെന്ന വാര്‍ത്തയും വന്നിരുന്നു. നിലവില്‍ യു.പി.എസ് റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.
അപകടം നടന്നതിന് പിന്നാലെ വൊളന്റിയര്‍മാരും ആശുപത്രി അധികൃതരും സുരക്ഷാ സേനകളുമെല്ലാം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് രോഗികളില്‍ പലരേയും തൊട്ടടുത്ത സ്വകാര്യ ആശുപത്രികളിലേക്കും മറ്റ് വിഭാഗങ്ങളിലേയും മാറ്റിയിരുന്നു.
Content Highlight: Kozhikode Medical College accident; Postmortem report says smoke inhalation was not the cause of death of patients