കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെ വിമര്‍ശിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ സ്വദേശി നിഥിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവ് തിരുച്ചിറ നല്‍കിയ പരാതിയിലാണ് നടപടി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായ സമയത്ത് നിഥിന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിനെതിരെയാണ് കേസെടുത്തത്.
അടുത്തിടെ പവര്‍കട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആലപ്പുഴ സ്വദേശിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പി.ഡി.പി പ്രവര്‍ത്തകനായ ആലപ്പുഴ സ്വദേശി അഹമ്മദ് കബീറിന്റെ ഫോണായിരുന്നു കഴിഞ്ഞ മാസം ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടില്‍ രാത്രി കരണ്ട് പോയപ്പോള്‍ കുട്ടികളെ ഉറക്കാന്‍ ചാര്‍ജബിള്‍ ഫാന്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ ആണ് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് അഹമ്മദ് കബീര്‍ അന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. മുമ്പൊന്നും ഇല്ലാത്ത തരത്തില്‍ ഇപ്പോള്‍ കറണ്ട് പോയികൊണ്ടിരിക്കുകയാണ് എന്ന് പറയുന്ന വീഡിയോ ആണ് അതെന്നും കബീര്‍ പറഞ്ഞിരുന്നു.
‘ഇത് ഇന്ന് എത്രാമത്തെ തവണയാണ് ഈ കറണ്ട് പോകുന്നത് പൂക്കി,’ എന്ന് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചിരുന്നു. ‘പൂക്കി’ എന്നൊരു പദം ഉപയോഗിച്ചതിനാലാണോ തനിക്കെതിരെ കേസെടുത്തതെന്നും കബീര്‍ അന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചിരുന്നു.
Content Highlight: Kozhikode Man Arrested Over Facebook Post Against Helicopter Journey of Kerala CM VD Satheesan