| Wednesday, 8th June 2016, 8:52 pm

മലാപ്പറമ്പ് സ്‌കൂളിലെ കുട്ടികള്‍ക്ക് അറിവിന്റെ മധുരം പകര്‍ന്ന് 'കലക്ടര്‍ ബ്രോ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോടതി ഉത്തരവ് പ്രകാരം എ.ഇ.ഒ അടച്ചുപൂട്ടിയ മലാപ്പറമ്പ് എ.യു.പി സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും കലക്ട്രേറ്റാകും ഇനി താല്‍ക്കാലിക അഭയമാകുക. സ്‌കൂള്‍ പൂട്ടിയതോടെ കുട്ടികളെ തല്‍ക്കാലത്തേക്ക് കലക്ട്രേറ്റിലേക്കാണ് മാറ്റിയത്.

കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ കുട്ടികള്‍ക്ക് ആദ്യദിനം കലക്ടര്‍ എന്‍. പ്രശാന്ത് ക്ലാസുകളുമെടുത്തു. ഭൂമി വില്‍പ്പനയ്ക്കുള്ള ചരക്കല്ലെന്നും വിദ്യ തന്നെയാണ് പ്രധാനപ്പെട്ടതെന്നും പണം ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുവല്ലെന്നുമുള്ള മൂന്ന് കാര്യങ്ങള്‍ കലക്ടര്‍ കുട്ടികള്‍ക്ക് പറഞ്ഞു നല്‍കി.

കുട്ടികള്‍ക്ക് വ്യാഴാഴ്ച മുതല്‍ കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരിക്കും ക്ലാസുകള്‍ നടക്കുക. ഭക്ഷണത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ക്ലാസുകള്‍ സ്‌കൂളിലേക്ക് മാറ്റും.

ഇന്ന് വൈകീട്ടോടെയാണ് മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ കോടതി വിധി അനുസരിച്ച് എ.ഇ.ഒ കെ.എസ് കുസുമം അടച്ചുപൂട്ടിയത്.
സ്‌കൂള്‍ പൂട്ടിയ നടപടി ഹൈക്കോടതിയെ അറിയിച്ച ശേഷം സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ക്ലാസുകള്‍ സ്‌കൂളിലേക്ക് മാറ്റും.

അതേസമയം സ്‌കൂള്‍ പൂട്ടുന്നത് തടയില്ലെന്ന് സ്‌കൂള്‍സംരക്ഷണ സമിതി അറിയിച്ചിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ ആത്മവിശ്വാസമുണ്ടെന്നും, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ടെന്നും സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റവും അടുത്ത സമയത്തു തന്നെ മലാപ്പറമ്പ് സ്‌കൂളിലേക്ക് ഇവര്‍ക്കു തിരിച്ചുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനകളായ എസ്.എഫ്.ഐയും കെ.എസ്.യുവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സ്‌കൂള്‍ മാനേജര്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more