| Saturday, 30th July 2016, 11:25 am

കോഴിക്കോട് കോടതിയിലെ അറസ്റ്റ്: പോലീസിന് വീഴ്ചപറ്റിയെന്ന് ടൗണ്‍ സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കോടതിയില്‍ സംഭവിച്ച കാര്യങ്ങളില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം. ടൗണ്‍ സി.ഐ പ്രമോദ് മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസിന്റെ ഭാഗത്തു തെറ്റുസംഭവിച്ചു. ഇക്കാര്യം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ബിനുരാജിനോട് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനുരാജിനോട് മാപ്പു പറഞ്ഞിട്ടുണ്ടെന്നും ടൗണ്‍ സി.ഐ അറിയിച്ചു.

അതിനിടെ, യാതൊരു പ്രകോപനവുമില്ലാതെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത ടൗണ്‍ എസ്.ഐ വിമോദിനെതിരെ നടപടിയെടുക്കണമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ബിനുരാജ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും ബിനുരാജ് വ്യക്തമാക്കി.

കോഴിക്കോട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ എസ്.ഐ വിമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ടൗണ്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോകുകയുമായിരുന്നു.

ഇതുസംബന്ധിച്ച് തൃപ്തികരമായ വിശദീകരണവും നല്‍കാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സി.ഐ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഉറപ്പുനല്‍കിയതായി കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയനും പോലീസും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തത്.

We use cookies to give you the best possible experience. Learn more