| Wednesday, 28th August 2013, 11:37 am

അറബി കല്യാണം: അറബിയുടെ മാതാവടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: കോഴിക്കോട്ടെ വിവാദ അറബി കല്യാണത്തില്‍ അറബിയുടെ മാതാവടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍. അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍, മാതാവിന്റെ സഹോദരി പുത്രന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മലപ്പുറം മഞ്ചേരി സ്വദേശിനിയായ യുവതിയുടെ മകളെ സിയസ്‌കോ അനാഥാലയ നടത്തിപ്പുകാരുടെ ഒത്താശയോടെയാണ് യു.എ.ഇ പൗരന് വിവാഹം ചെയ്ത് കൊടുത്തത്.[]

വിവാഹം നടത്തിക്കൊടുത്തത് കേരള ജംഇയ്യത്തുല്‍ ഉലമ മുജാഹിദ് മടവൂര്‍ വിഭാഗമായിരുന്നു. കേരള ജം ഇയ്യത്തുല്‍ ഉലമ മര്‍ക്കസ്സുദ്ദഅവയാണ് ഈ വിവാഹത്തിന് മേരേജ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിക്കുന്നത്.

വരന്‍ അറബ് പൗരനാണെന്ന കാര്യം രേഖകളില്‍ മറച്ചുവെച്ചാണ് വിവാഹം നടത്തിയത്. വിവാഹ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ ഫോമിലും വരന്റെ മാതാവിന്റെ കോഴിക്കോടുള്ള വിലാസമാണ് നല്‍കിയിരിക്കുന്നത്.

യത്തീംഖാന അധികൃതര്‍ തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും വീട്ടുകാരുമായി സംസാരിക്കാനോ ബന്ധപ്പെടാനോ അനാഥാലയ അധികൃതര്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

ശൈശവവിവാഹ നിരോധന നിയമപ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. അറബിയുടെ മാതാവ് കല്ലായിക്കടുത്ത് നായ്പ്പാലം സ്വദേശിനിയാണ്.

അതേസമയം, വിവാഹത്തില്‍ തെറ്റുപറ്റിയെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വെച്ചത് ജനറല്‍ സെക്രട്ടറിമാരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും സംഘടന അറിയിച്ചു.

We use cookies to give you the best possible experience. Learn more