| Saturday, 28th March 2026, 7:59 am

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: കേസിനോട് സഹകരിക്കാതെ മുന്‍ രാജകുടുംബം; പൊലീസ് ഉപദ്രവിക്കുന്നു എന്നും പരാതി

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: പൊലീസ് ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി മുന്‍ രാജകുടുംബം. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന് കാണിച്ച് പരാതി നല്‍കിയ കവടിയാര്‍ മുന്‍ രാജകുടുംബമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

മോഷണം സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അന്വേഷണവുമായി കാര്യമായി സഹകരിക്കുന്ന നിലപാടായിരുന്നില്ല മുന്‍ രാജകുടുംബാഗങ്ങള്‍ സ്വീകരിച്ചത്. കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് ഇവര്‍ കേസുമായി സഹകരിക്കാത്ത നിലപാട് കൈക്കൊണ്ടത്. ഇതിന് പിന്നാലെയാണ് പൊലീസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. പരാതി ലഭിച്ച സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പുണ്ടാക്കാതെ പിന്മാറാനാകാത്ത സ്ഥിതിയിലുമാണ്. അതുകൊണ്ടുതന്നെ മുന്‍ രാജകുടുംബം സഹകരിച്ചില്ലെങ്കിലും പൊലീസ് അന്വേഷണം തുടരും.

മെയ് 15നാണ് കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം നടന്നെന്ന വാര്‍ത്ത പുറത്തുവന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളടക്കം മോഷണം പോയെന്നാണ് പരാതി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സ്വര്‍ണം നഷ്ടപ്പെട്ട ശേഷം പൊലീസില്‍ പരാതി നല്‍കാതെ സ്വന്തമായി രഹസ്യ അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അവര്‍ നിയമപരമായി മുമ്പോട്ട് പോയത്. രണ്ടാഴ്ചമുമ്പാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലതാമസം കാരണം തെളിവുകളെല്ലാം നശിച്ച ശേഷമാണ് അന്വേഷണം ആരംഭിക്കാന്‍ പൊലീസിന് സാധിച്ചത്.

രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം കൊട്ടാരത്തിലെ സ്ഥിരം സന്ദര്‍ശകരിലേക്കും ജീവനക്കാരിലേക്കും നീങ്ങി. ചില ജീവനക്കാരുടെ അക്കൗണ്ടുകളില്‍ ഇടപാടുകളില്‍ പൊലീസിന് സംശയമുണ്ട്.

കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാര്‍ തന്നെ അന്വേഷണ സംഘത്തിന് നേരെ തിരിഞ്ഞത്.

കൊട്ടാരവുമായി അടുപ്പമുള്ളവരെയും ജീവനക്കാരെയും അന്വേഷണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഉന്നത പൊലീസുദ്യോഗസ്ഥരോടുള്ള പരാതി. സ്വര്‍ണം കടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ മാത്രമെന്നാണ് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം.

മോഷണ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ഉന്നതതലത്തില്‍ അന്വേഷണം നടന്നിരുന്നു. ഒരു തുമ്പും കിട്ടാത്ത സാഹചര്യത്തിലാണ് പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതിലേക്ക് പൊലീസെത്തിയത്.

Content Highlight: Kowdiar Palace Theft: Former royal family not cooperating with case; alleges police harassment

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more