മലപ്പുറം: ആവേശഭരിതമായ കൊട്ടിക്കലാശം അവസാനിച്ചതോടെ നിലമ്പൂര്‍ ഇനി പോളിങ് ബൂത്തിലേക്ക്. നാളെ (ബുധനാഴ്ച്ച) നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. മറ്റന്നാള്‍ (19-06025) മണ്ഡലം വിധിയെഴുതും. 23നാണ് വോട്ടെണ്ണല്‍.
കൊടികളും കട്ടൗട്ടുകളുമായി അണികള്‍ തെരുവുകളില്‍ നിറഞ്ഞു. റോഡ് ഷോയിലൂടെയാണ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്. ഇടയ്‌ക്കെല്ലാം മഴ പെയ്‌തെങ്കിലും അതെല്ലാം അവഗണിച്ചാണ് അണികള്‍ സ്ഥാനാര്‍ത്ഥികളെ വരവേറ്റത്.
ഉച്ചയോടെയാണ് യു.ഡി.എഫിന്റെ റോഡ് ഷോ വഴിക്കടവില്‍ നിന്ന് ആരംഭിച്ചത്. നിലമ്പൂര്‍ സി.എന്‍.ജി റേഡ് മില്‍മ ബൂത്ത് മുതല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ റോഡ് വരെയാണ് യു.ഡി.എഫിന് കൊട്ടിക്കലാശം നടത്താന്‍ അനുമതി ഉണ്ടായിരുന്നത്.
എല്‍.ഡി.എഫിനാകട്ടെ മഹാറാണി ജങ്ഷന്‍ മുതല്‍ നിലമ്പൂര്‍ സ്റ്റേഷന്‍പടി വരെയായിരുന്നു അനുമതി. എന്‍.ഡി.എ ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ സഫ ഗോള്‍ഡ് ജുവല്ലറി വരെയും പ്രവര്‍ത്തകരെ അണിനിരത്തി.
ഇന്നലെ റോഡ് ഷോ നടത്തിയതിനാല്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ പി.വി. അന്‍വര്‍ ഇന്നത്തെ ദിവസം പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് ശ്രമിച്ചത്. എല്ലാ പാര്‍ട്ടികളുടേയും നേതാക്കളും എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എമാരും സംസ്ഥാന മന്ത്രിമാരുമെല്ലാം കൊട്ടിക്കലാശത്തില്‍ പങ്കാളികളായി.
Content Highlight: Kottikalasam ended in Nilambur