| Monday, 21st September 2026, 2:58 pm

രാവിലെ മുഴുവന്‍ ലഹരിക്കെതിരെ പോരാടും, രാത്രി അയല്‍ക്കാരന്റെ കൂടെയിരുന്ന് രണ്ടെണ്ണമടിക്കും; തുടക്കത്തില്‍ വ്യത്യസ്തനായ ജോസഫ് മാഷ്

അമര്‍നാഥ് എം.

തിയേറ്ററില്‍ ഹിറ്റാവുകയും ഒ.ടി.ടിയില്‍ ഓവര്‍റേറ്റഡാവുകയും ചെയ്യുന്ന സിനിമകളുടെ ലിസ്റ്റിലെ പുതിയ എന്‍ട്രിയാണ് തുടക്കം. വിസ്മയ മോഹന്‍ലാല്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്തണി ജോസഫാണ്. ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു.

കഴിഞ്ഞദിവസം തുടക്കം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രത്തിലെ പല രംഗങ്ങളിലും ലോജിക്കില്ലെന്നാണ് കമന്റുകള്‍. ഒരുപാട് ലൂപ്‌ഹോളുകളുള്ള സ്‌ക്രിപ്റ്റിനെ താങ്ങിനിര്‍ത്തിയത് വിസ്മയ, ആശിഷ് എന്നിവരുടെ ആക്ഷന്‍ സീനുകളും മോഹന്‍ലാലിന്റെ കാമിയോയും ആണെന്ന് പലരും അഭിപ്രായപ്പെടുന്നു.

തുടക്കം Photo: Theatrical poster

പല കഥാപാത്രങ്ങളെയും അവതരിപ്പിച്ച രീതിയും ട്രോളിനിരയാകുന്നുണ്ട്. അത്തരത്തിലൊരാളാണ് കോട്ടയം രമേശ് അവതരിപ്പിച്ച ജോസഫ് മാഷ്. മീനു (വിസ്മയ), രവി (സായ് കുമാര്‍) എന്നിവരുടെ അയല്‍വാസിയാണ് ജോസഫ് മാഷ്. സ്‌കൂള്‍ പ്രിന്‍സിപ്പാളായ ജോസഫ് മാഷ് നാട്ടിലെ ലഹരിമാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ കൂടിയാണ്.

സ്വന്തം സഹോദരനാണ് ഇതിന്റെ പിന്നിലെന്ന് അറിഞ്ഞിട്ടും നിയമനടപടിയുമായി മുന്നോട്ട് പോവുന്ന കഥാപാത്രമായാണ് ജോസഫ് മാഷിനെ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇതേ ജോസഫ് മാഷ് സിനിമയുടെ ക്ലൈമാക്‌സിന് മുമ്പ് അയല്‍ക്കാരനായ രവിയോടൊപ്പമിരുന്ന് മദ്യപിക്കുന്ന രംഗം സംവിധായകന്‍ ചിത്രീകരിച്ചത് ട്രോള്‍ മെറ്റീരിയലായി മാറിക്കഴിഞ്ഞു.

തുടക്കം Photo: Jio Hotstar

മദ്യത്തെ ലഹരിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തയാളാണ് ജോസഫെന്ന് പലരും പരിഹസിക്കുന്നു. ആക്ഷന്‍ ഹീറോ ബിജുവില്‍ നാട്ടുകാര്‍ ചീട്ടുകളിക്കുന്ന സീനിലെ ‘ഇപ്പോഴത്തെ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്’ എന്ന ഡയലോഗിനൊപ്പം ഈ സീന്‍ ചേര്‍ത്തുവെച്ചും ചിരിയുണര്‍ത്തുന്നുണ്ട്. രസകരമായ വേറെയും കമന്റുകളുണ്ട്.

‘ലഹരിക്കെതിരെ പോരാടാന്‍ കുറച്ച് ധൈര്യം വേണ്ടേ, അതുകൊണ്ടാ’, ‘എല്ലായിടത്തും കാണും, രാവിലെ ലഹരിക്കെതിരെ ഘോരഘോരം തൊണ്ട പൊട്ടി സംസാരിച്ച് വൈകിട്ട് രണ്ടെണ്ണം പിടിപ്പിക്കുന്ന നന്മമരങ്ങള്‍’, ‘ഇതാണ് സ്വഭാവമെങ്കില്‍ സ്വന്തം അനിയന്‍ കൊട്ടേഷന്‍ കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ,’ എന്നിങ്ങനെയാണ് ജോസഫ് മാഷിനെക്കുറിച്ചുള്ള കമന്റുകള്‍.

തുടക്കം Photo: Jio Hotstar

മോഹന്‍ലാലിന്റെ മകളായതുകൊണ്ട് മാത്രം ഹിറ്റായ ചിത്രമാണ് തുടക്കമെന്നും ജൂഡിന്റെ സ്‌ക്രിപ്റ്റില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. മോഹന്‍ലാലിനൊപ്പമുള്ള അടുത്ത പ്രൊജക്ടില്‍ ജൂഡ് ഇത്തരം മിസ്റ്റേക്കുകള്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കമന്റുകളുണ്ട്.

Content Highlight: Kottayam Ramesh’s character in Thudakkam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more