| Monday, 26th October 2026, 9:11 pm

തള്ളേ ഇവന്‍ കൊള്ളാമെന്ന് പറയട്ടെ എന്ന് സുരാജ് ചോദിച്ചു, ഇട്ടോളാന്‍ സാര്‍ പറഞ്ഞു; ജയിലര്‍ 2 ഷൂട്ടിനിടയിലെ അനുഭവത്തെ കുറിച്ച് കോട്ടയം നസീര്‍

അശ്വിന്‍ രാജേന്ദ്രന്‍

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ കോമഡി വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുകയാണ്. റോഷാക്കിലെ ശശാങ്കന്‍, വാഴയിലെ രാധാകൃഷ്ണന്‍, ആലപ്പുഴ ജിംഖാനയിലെ സലീം തുടങ്ങിയവയെല്ലാം സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

ജയിലര്‍ 2. Photo: X.com

ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത് തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ജയിലര്‍ 2ല്‍ കോട്ടയം നസീര്‍ ഭാഗമായിരുന്നു. ചിത്രത്തിലെ ഒരു ലോഡ് മലയാളി താരങ്ങള്‍ക്കിടയില്‍ അമീര്‍ എന്ന കഥാപാത്രവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. കരിയറിലെ ആദ്യ തമിഴ് സിനിമ തന്നെ ഗംഭീര വിജയമായതിന്റെ സന്തോഷത്തിലാണ് കോട്ടയം നസീര്‍.

ആഗോളതലത്തില്‍ എഴുനൂറ് കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന് പിന്നാലെ താരത്തിന് പ്രേക്ഷകരില്‍ നിന്നും വലിയ പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദിലീപ് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ വലംകൈയ്യായാണ് താരം വേഷമിട്ടത്. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിന്റെ ഷൂട്ടിനിടയിലെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘നമോ നാരായണനുമായിട്ട് എനിക്ക് ജയിലര്‍ 2ന് മുമ്പ് തന്നെ പരിചയമുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഞങ്ങള്‍ ഒന്നുകൂടെ പരിചയപ്പെട്ടു. അദ്ദേഹവും യോഗി ബാബു സാറും എല്ലാം ഞങ്ങളുടെ കൂടെ സിമ്പിളായി അവിടെ വന്നിരുന്ന് വര്‍ത്തമാനം പറയും. എല്ലാവരും പരസപരം തമാശ പറയുകയും ഇവിടുത്തെ സിനിമയുടെ കാര്യവും അവരോട് അവിടെയുള്ള സിനിമയുടെ കാര്യവും എല്ലാം പരസ്പരം ചോദിച്ചറിയുകയുമെല്ലാം ചെയ്യും. നമോ നാരായണനും ഞങ്ങളുമായി ഒന്നോ രണ്ടോ സീന്‍ മാത്രമാണുണ്ടായിരുന്നത്.

പക്ഷേ അദ്ദേഹത്തിന്റേത് അത്രയും വലിയ വേഷമാണെന്ന് ഞാന്‍ സിനിമ കാണുമ്പോഴാണ് അറിയുന്നത്. അത്രയും വലിയ ക്യാരക്ടറിനെ ഭയങ്കര രസമായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അതുപോലെയാണ് യോഗി ബാബു സാറിന്റെയും റോള്‍. സൈലന്റായിട്ടുള്ള റിയാക്ഷന്‍സെല്ലാം അത്രയും രസത്തിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ജയിലര്‍ 2. Photo: X.com

നമോ നാരായണനുമായിട്ട് ചെസ്സ് കളിക്കുന്ന സീനില്‍ അവന്‍ അടിച്ചത് ആനയും കിടയാത് വീണത് രാജാവും കിടയാത് എന്ന് തുടങ്ങുന്ന ഡയലോഗുണ്ട്. അതിന് ശേഷം ഉള്ള തള്ളേ ഇവന്‍ കൊള്ളാം എന്നുള്ളത് സുരാജിന്റെ കോണ്‍ട്രിബ്യൂഷനായിരുന്നു. ആ സിറ്റുവേഷനോട് മാച്ചാവുന്ന എന്തെങ്കിലും മലയാളം ഡയലോഗ് പറയണം എന്ന് പറഞ്ഞപ്പോള്‍ സുരാജാണ് അത് നിര്‍ദേശിച്ചത്. കൊള്ളാം എന്ന് സാര്‍ പറഞ്ഞപ്പോഴാണ് അത് ജോയിന്‍ ചെയ്തത്,’ നസീര്‍ പറഞ്ഞു.

Content Highlight: Kottayam Nazeer talks about Jailer 2 shooting experience

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more