| Saturday, 17th October 2026, 3:36 pm

ആ സിനിമയുടെ സമയത്ത് മമ്മൂട്ടി പറഞ്ഞു, ഇനി നല്ല ക്യാരക്ടർ വേഷങ്ങൾ കിട്ടുമെന്ന്: കോട്ടയം നസീർ

അനുപമ കെ. സീത

മിമിക്രി കലാകാരനായി കരിയർ ആരംഭിച്ച കോട്ടയം നസീറെന്ന നടനിന്ന് എത്തി നിൽക്കുന്നത് സിനിമയിലെ ചരിത്രവിജയമായ് മാറി കൊണ്ടിരിക്കുന്ന ജയിലർ 2 ലാണ്. താരത്തിന്റെ ആദ്യ സിനിമ മിമിക്സ് ആക്ഷൻ 500 ആണ്. സിനിമയിൽ ഹാസ്യവേഷങ്ങളിലൂടെയാണ് നടൻ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

നിസാർ ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ റോഷാക്ക് എന്ന സിനിമയിലാണ് താരം ആദ്യമായ് സ്വഭാവ നടനായി അരങ്ങേറിയത്. സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും, ചിത്രത്തിലെ അഭിനയം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ചെയ്‌ത ഡിറ്റക്റ്റീവ് ഉജ്ജ്വലൻ, അന്വേഷിപ്പിൻ കണ്ടെത്തും, വാഴ 2 തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളൊക്കെ മികച്ചവയായിരുന്നു.

ഇപ്പോഴിതാ നെൽസൺ സംവിധാനം ചെയ്‌ത സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൂടെ ജയിലർ 2ലും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടൻ. താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. റോഷാക്ക് സിനിമയുടെ സമയത്ത് ഇനി നല്ല ക്യാരക്ടർ വേഷങ്ങൾ കിട്ടുമെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് നടൻ പറയുന്നത്. വീഡിയോ വേൾഡിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നസീർ.

ജയിലർ 2ലെ രംഗം.Photo.Screen Grab/IMDb

‘നീ ഇനി അഭിനയത്തിൽ നന്നായിട്ട് ഫോക്കസ് ചെയ്യണം. നിനക്ക് ഒരുപാട് നല്ല ക്യാരക്ടർ വേഷങ്ങൾ കിട്ടും. ഇപ്പോൾ സ്റ്റേജുകളും പ്രോഗ്രാമുകളും കൂടുതൽ ചെയ്തുകൊണ്ടിരുന്ന സമയമുണ്ട്. അതിൽ നിന്നൊക്കെ കുറച്ച് മാറി നീയൊന്ന് അഭിനയത്തിലേക്ക് മാറണം. നിനക്ക് നല്ല വേഷങ്ങൾ കിട്ടുമെന്ന് മമ്മൂട്ടി പറഞ്ഞു. അത് അദ്ദേഹം പറഞ്ഞ പോലെ തന്നെ കറക്റ്റ് ആയിരുന്നു.’ നസീർ പറഞ്ഞു.

അതുകൊണ്ടാണ് താൻ മിമിക്രിയെന്ന കലയിൽ നിന്നും പുതിയ അനുകരണങ്ങളിലേക്ക് പോവാതെയും പരിപാടികളൊക്കെ കുറച്ച് മാറിനിൽക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. പിന്നെയും അനുകരണങ്ങൾ ചെയ്താൽ അത് ദേഹത്ത് നിന്ന് മാറ്റാൻ ഭയങ്കര ബുദ്ധിമുട്ടാണെന്നും താരം വ്യക്തമാക്കി. ഇപ്പോൾ സിനിമയിൽ അഭിനയിക്കാൻ ധൈര്യമായെന്നും നസീർ പറഞ്ഞു.

‘മുമ്പ് അഭിനയിക്കുമ്പോൾ പലരുടെയും രൂപവും ശബ്ദവും വരുന്നുണ്ടെന്ന് പഴി കേട്ടിരുന്നു. അതൊരു നടനെ സംബന്ധിച്ചിടത്തോളം പരാജയമാണ് . ഒരാളുടെ അനുകരണം വരുന്നെന്ന് പറയുന്നത് തോൽവിയാണ്. മമ്മൂട്ടി ഉൾപ്പടെ ഒരുപാട് പേർ പറഞ്ഞിരുന്നു അഭിനയത്തിൽ കോൺസെൻട്രേറ്റ് ചെയ്യാൻ. ആ സമയത്ത് ഞാനാലോചിച്ചു നമ്മുടെ ഒരു വലിയ വരുമാന മാർഗമാണ് മാറ്റി വെക്കാൻ പോകുന്നതെന്ന്.’ നടൻ പറഞ്ഞു.

Content Highlight: Kottayam Nazeer stated that Mammootty had told him during that movie that he would get good character roles from then on.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more