| Tuesday, 27th October 2026, 8:06 am

50 അല്ല 100 ടേക്ക് ചെയ്താലും അത് പെർഫെക്റ്റായിട്ട് കിട്ടിയാൽ മാത്രമേ നെൽസൺ സാർ അംഗീകരിക്കുകയുള്ളൂ: കോട്ടയം നസീർ

അനുപമ കെ. സീത

നെൽസൺ രജനികാന്തിനെ നായകനാക്കി ചെയ്ത ആക്ഷൻ-ഡ്രാമ ചിത്രം ജയിലർ 2 ആഗോളതലത്തിൽ 700 കോടിയോളം നേടി ജൈത്രയാത്ര തുടരുകയാണ്. ഇനി ഭേദിക്കാൻ റെക്കോഡുകളൊന്നും തന്നെ ജയിലറിനില്ല. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു സിനിമയെയും ചിത്രത്തിലെ കഥാപാത്രങ്ങളെയും. സിനിമയുടെ ആദ്യ പകുതിയിൽ അഴിഞ്ഞാടി ഞെട്ടിച്ചവരായിരുന്നു നടന്മാരായ സൂരജ് വെഞ്ഞാറമൂടും കോട്ടയം നസീറും.

അമീർ എന്ന കഥാപാത്രത്തെയാണ് കോട്ടയം സിനിമയിൽ നസീർ അവതരിപ്പിച്ചത്. താരം ഇതുവരെയും അങ്ങനെയൊരു വേഷം ചെയ്യാത്തതിനാൽ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കാൻ തന്റെ മികച്ച പ്രകടനത്തിലൂടെ നടന് കഴിഞ്ഞിരുന്നു. നിസാർ ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ റോഷാക്ക് എന്ന സിനിമയിലാണ് താരം ആദ്യമായ് സ്വഭാവ നടനായി അരങ്ങേറിയത്. അവിടന്ന് ജയിലർ വരെയുള്ള താരത്തിന്റെ വേഷങ്ങളെല്ലാം വ്യത്യസ്തവും വേറിട്ടതുമായിരുന്നു.

ഇപ്പോഴിതാ ജയിലറിന്റെ സംവിധായകൻ നെൽസനെക്കുറിച്ചും അദ്ദേഹത്തിന്റെ മേക്കിങ് ശൈലിയെക്കുറിച്ചും റിപ്പോർട്ടർ ഫിലിംസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോട്ടയം നസീർ.

ജയിലർ 2ലെ രംഗം.Photo.Screen Grab/IMDb

’50 അല്ല 100 ടേക്ക് നിങ്ങൾ എടുത്താലും ചെയ്താലും അത് പെർഫെക്റ്റായിട്ട് കിട്ടിയാൽ മാത്രമേ നെൽസൺ സാർ അത് അംഗീകരിക്കുകയുള്ളൂ, അങ്ങനെയാണ് നെൽസൺ എന്ന് പറയുന്ന ഡയറക്ടർ. മൊത്തത്തിൽ പുള്ളി ഭയങ്കര കാം ആൻഡ് ക്വയറ്റ് ആയിട്ടാണ് എനിക്ക് തോന്നിയിരിക്കുന്നത്. പിന്നെ അദ്ദേഹം മിമിക്രി ബാക്ഗ്രൗണ്ടുള്ള ഒരാളാണ്. അവിടെ തമിഴ് ടിവിയിലൊക്കെ കോമഡി പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ആയിരുന്നു എന്നാണ് ഞാൻ കേട്ടിരിക്കുന്നത്.

അദ്ദേഹത്തിന് ഇതു മതി എന്നൊക്കെ വ്യക്തമായ ധാരണയുണ്ട്. നമ്മുടെ ഓരോ സീക്വൻസ് എടുക്കുമ്പോൾ ചിലപ്പോൾ നമ്മൾ ‘സാർ അവിടെ ഞാൻ ഇങ്ങനെ ഒരു ചിരി ഇട്ടോട്ടെ’ എന്നൊക്കെ ചോദിക്കുമ്പോൾ  ‘അത് വേണ്ട ഷാർപ്പ് ലുക്ക് മതി. അങ്ങനെ നിന്നാൽ മതി. വേറെ എക്സ്പ്രഷൻ ഒന്നും വേണ്ട’ എന്നൊക്കെ നമ്മുടെ അടുത്ത് വന്ന് പറയും. സുരാജിന്റെ കൂടെ എടുക്കുമ്പോഴാണെങ്കിലും അവർക്ക് ആഗ്രഹമുള്ളത് കിട്ടാൻ വേണ്ടി അവർ നമ്മളെ ഒരുക്കും,’ താരം പറഞ്ഞു.

സെറ്റിൽ ഭയങ്കര കംഫർട്ടായിരുന്നെന്നും പിന്നെ തങ്ങളും അവിടെ അങ്ങനെ പോയി അനാവശ്യമായിട്ട് അണിയറപ്രവർത്തകരെ ഡിസ്റ്റർബ് ചെയ്യാനോ അതിനിടയ്ക്ക് പോയിരുന്ന് തമാശ പറയാനോ ഒന്നും പോകാറില്ലായിരുന്നെന്നും, അവരുടെ വർക്കിന്റെ സീരിയസ്നെസ്സ് മനസ്സിലാക്കിക്കൊണ്ട് തന്നെ ആ സ്പേസ് അവർക്കങ്ങ് കൊടുത്തിട്ട് തങ്ങൾ തങ്ങളുടെ വർക്ക് ചെയ്ത് മാറിയിരിക്കുകയാണ് ചെയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Kottayam Nazeer stated that even if it took 50 or 100 takes, Nelson Sir would only accept it once it was perfect.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more