| Sunday, 18th October 2026, 7:11 am

ആ രണ്ട് സിനിമകള്‍ കണ്ട നെല്‍സന്റെ അസിസ്റ്റന്റ്‌സാണ് എന്നെ ജയിലറിലേക്ക് വിളിച്ചത്, സുരാജിന്റെ ജഡ്ജ്‌മെന്റ് കറക്ടായിരുന്നു: കോട്ടയം നസീര്‍

അമര്‍നാഥ് എം.

തമിഴിലെ ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ അണിയിച്ചൊരുക്കിയ ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയിലേറെ ജയിലര്‍ 2 നേടിക്കഴിഞ്ഞു. കോളിവുഡിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ജയിലര്‍ 2 മാറുമെന്ന് ഉറപ്പാണ്.

സമീപകാലത്ത് ഒരു തമിഴ് സിനിമയില്‍ ഏറ്റവുമധികം മലയാളി സാന്നിധ്യമുള്ള ചിത്രം കൂടിയാണ് ജയിലര്‍ 2. ചെറുതും വലുതുമായ വേഷങ്ങളില്‍ മലയാളി താരങ്ങള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അത്തരത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു കോട്ടയം നസീര്‍ അവതരിപ്പിച്ച അമീര്‍. മിമിക്രിയിലൂടെ കരിയറാരംഭിച്ച് ഇന്ന് തലൈവര്‍ പടത്തില്‍ ടെറര്‍ വില്ലന്മാരിലൊരാളായി മാറാന്‍ കോട്ടയം നസീറിന് സാധിച്ചു.

ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കോട്ടയം നസീര്‍. ഒരു വര്‍ഷത്തോളമായി താന്‍ ജയിലര്‍ 2ന്റെ ഭാഗമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സിനിമക്ക് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും ഇത്രയും വലിയ ക്രൂവിനൊപ്പം പ്രവര്‍ത്തിക്കാനായത് മറക്കാനാകാത്ത അനുഭവമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു കോട്ടയം നസീര്‍.

കോട്ടയം നസീര്‍ Photo: Screen grab/ One 2 Talks

‘നെല്‍സണ്‍ അപാര വിഷനുള്ള ഡയറക്ടറാണ്. അല്ലെങ്കില്‍ ഇത്രയും വലിയൊരു സിനിമ അദ്ദേഹത്തിന് ചെയ്യാനാകില്ല. കോമഡിയും മാസുമൊക്കെ ഇത്ര ഗംഭീരമായി പ്രസന്റ് ചെയ്യുക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ല. എന്നെ ഈ സിനിമയിലേക്ക് വിളിച്ചത് അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌സാണ്. ഭാര്‍ഗവിയും ഹരിപ്രഭവുമൊക്കെയാണ് എന്നെക്കുറിച്ച് നെല്‍സണോട് പറഞ്ഞത്.

വാഴയും തലവനും കണ്ടിട്ടാണ് ഹരിപ്രഭു എന്നെ സജസ്റ്റ് ചെയ്തത്. നെല്‍സണ്‍ എന്ന സംവിധായകനെ നമ്മള്‍ അങ്ങ് വിശ്വസിക്കുകയാണ്. ബ്ലാക്ക് ഹ്യൂമറൊക്കെ വെച്ചുകൊണ്ടുള്ള പരിപാടി അടിപൊളിയാണ്. പക്ഷേ, ഷൂട്ടിന്റെ സമയത്ത് നമുക്ക് അതൊന്നും ആലോചിക്കാന്‍ പറ്റില്ല. നമ്മുടെ പോര്‍ഷന്‍ മാത്രം എടുക്കുന്നു, പോകുന്നു എന്നായിരുന്നല്ലോ.

കോട്ടയം നസീര്‍ Photo: Screen grab/ Sun Pictures

അപ്പോഴും സുരാജ് ‘അണ്ണാ, ഇതിന്റെ ഫസ്റ്റ് ഹാഫില്‍ വന്‍ പരിപാടിയാണ് ചെയ്തുവെച്ചിരിക്കുന്നത്. ചിരിക്കാന്‍ ഒരുപാടുണ്ട്’ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പടം കണ്ടപ്പോഴാണ് എനിക്ക് അതൊക്കെ മനസിലായത്. സുരാജിന്റെ ജഡ്ജ്‌മെന്റ് കറക്ടായിരുന്നു. പടത്തിന്റെ സെക്കന്‍ഡ് ഹാഫ് കുറച്ചുകൂടി വലിയ സ്‌കെയിലിലാണ് പോയത്. അതൊക്കെ ഗംഭീര പരിപാടിയാണെന്ന് തിയേറ്ററില്‍ നിന്ന് കണ്ടപ്പോഴാണ് നമുക്കും പിടികിട്ടിയത്,’ കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Kottayam Nazeer saying he got chance in Jailer 2 because of Vaazha and Thalavan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more