| Wednesday, 21st October 2026, 4:50 pm

കൊറോണ കഴിഞ്ഞാല്‍ സ്‌റ്റേജ് പ്രോഗ്രാമുകള്‍ ഉണ്ടാകുമോ എന്ന് ചിന്തിച്ചു, ഡിപ്രഷനിലേക്ക് പോകാതെ പിടിച്ചുനിന്നത് പെയിന്റിങ് കാരണം: കോട്ടയം നസീര്‍

അമര്‍നാഥ് എം.

സമീപകാലത്ത് ഏറ്റവുമധികം മലയാളി താരങ്ങള്‍ അണിനിരന്ന അന്യഭാഷാ ചിത്രമാണ് തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ജയിലര്‍ 2. ചെറുതും വലുതുമായ വേഷങ്ങളില്‍ മലയാളി താരങ്ങള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അത്തരത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് കോട്ടയം നസീര്‍ അവതരിപ്പിച്ച അമീര്‍. സുരാജ് അവതരിപ്പിച്ച ദിലീപിന്റെ വലംകൈയാണ് അമീര്‍.

വളരെ കുറച്ച് സ്‌ക്രീന്‍ ടൈമിലും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന പ്രകടനം കാഴ്ചവെക്കാന്‍ കോട്ടയം നസീറിന് സാധിച്ചു. മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന് കോമഡി റോളുകളില്‍ ശ്രദ്ധ നേടിയ താരം കൊവിഡിന് ശേഷമാണ് ട്രാക്ക് മാറ്റിയത്. മമ്മൂട്ടിയുടെ റോഷാക്കില്‍ അതുവരെ കാണാത്ത പ്രകടനമാണ് കോട്ടയം നസീര്‍ കാഴ്ചവെച്ചത്.

തന്റെ ജീവിതത്തില്‍ കൊവിഡ് ഉണ്ടാക്കിയ ഇംപാക്ട് എന്താണെന്ന് പറയുകയാണ് കോട്ടയം നസീര്‍. കൊവിഡിന് മുമ്പ് ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ നിരവധി സ്റ്റേജ് ഷോകള്‍ ചെയ്തിരുന്നെന്നും കൊറോണ വന്നപ്പോള്‍ വെറുതെയിരിക്കേണ്ടി വന്നെന്നും താരം പറഞ്ഞു. ആ സമയത്താണ് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു കോട്ടയം നസീര്‍.

‘അതുവരെ പത്തിരുപത്തഞ്ച് സ്റ്റേജ് ഷോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒന്നും ഇല്ലാതായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലെത്തി. ആ സമയത്താണ് ഞാന്‍ മുന്നോട്ടുള്ള കാര്യങ്ങളെപ്പറ്റി ചിന്തിച്ചത്. കൊറോണ കഴിഞ്ഞാല്‍ എന്താകും അവസ്ഥയെന്ന് ആലോചിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൊറോണ കഴിഞ്ഞാല്‍ വീണ്ടും അതേ ജോലിക്ക് കയറാം.

പക്ഷേ, നമുക്ക് അതുപോലെയാകാന്‍ പറ്റുമോ എന്ന് ചിന്തിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അവരെ എന്റര്‍ടൈന്‍ ചെയ്യിക്കുക എന്നതാണല്ലോ നമ്മുടെ ജോലി. ഇനി ആ അവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ പറ്റുമോ എന്ന് ആലോചിച്ചു. അങ്ങനെയാണ് പെയിന്റിങ്ങിലേക്ക് കടന്നത്. എല്ലാദിവസവും പെയിന്റിങ്ങിലായി ശ്രദ്ധ. രാവിലെ കാപ്പികുടി കഴിഞ്ഞാല്‍ റൂമിലേക്ക് പോകും, പെയിന്റ് ചെയ്യും. അങ്ങനെ അതുമായി മുന്നോട്ട് പോയി.

കോവിഡിന്റെ സമയത്ത് നമുക്ക് അറിയാവുന്ന എത്രയോ പേര്‍ ഡിപ്രഷനിലേക്ക് പോയിട്ടുണ്ട്. ചിലര്‍ ഒരുപാട് കഷ്ടപ്പെട്ട് തിരിച്ചെത്തിയപ്പോള്‍ കുറച്ചുപേര്‍ തിരിച്ചുവരാന്‍ പോലും പറ്റാതെ വീണുപോവുകയും ചെയ്തു. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ കണ്ടതാണ്. വരക്കാന്‍ അറിയാവുന്നതുകൊണ്ട് ഞാന്‍ അതുമായി മുന്നോട്ട് പോയി,’ കോട്ടയം നസീര്‍ പറയുന്നു.

വരയില്‍ മാത്രം ഫോക്കസ് ചെയ്തതുകൊണ്ടാണ് എക്‌സിബിഷന്‍ വരെ നടത്താനായതെന്നും പിന്നീട് സിനിമയില്‍ ട്രാക്ക് മാറ്റണമെന്ന് ചിന്തിച്ചപ്പോഴാണ് റോഷാക്കിലേക്ക് വിളി വന്നതെന്നും താരം പറഞ്ഞു. പിന്നീട് തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലായിരുന്നെന്നും കോട്ടയം നസീര്‍ പറയുന്നു.

Content Highlight: Kottayam Nazeer explains how he entered to painting field

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more