| Monday, 19th October 2026, 10:54 am

സുരാജ് എന്നെ നോക്കി ഓക്കെ അല്ലേ അണ്ണാ എന്ന് ചോദിക്കും, ഞാന്‍ തിരിച്ചും; കോഴിക്കോടെ ലൊക്കേഷനില്‍ ക്രൂ മൊത്തം മലയാളികള്‍: കോട്ടയം നസീര്‍

ആര്യ

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍ 2. ആദ്യ ഭാഗമായ ജയിലര്‍ വന്‍ വിജയമായതോടെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

മലയാളത്തില്‍നിന്ന് കോട്ടയം നസീറും സുരാജ് വെഞ്ഞാറമൂടുമടക്കം നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനേക്കാള്‍, സുരാജ് വെഞ്ഞാറമൂട് ഒപ്പമുണ്ടെന്നതായിരുന്നു തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പറയുകയാണ് കോട്ടയം നസീര്‍.

തമിഴ് സിനിമാലോകത്ത് താന്‍ പുതിയ ആളായിരുന്നുവെന്നും എന്നാല്‍ സുരാജ് നേരത്തെ തന്നെ തമിഴ് സിനിമകളിലൂടെ അവിടത്തെ പ്രേക്ഷകരുടെ അംഗീകാരം നേടിയിരുന്നുവെന്നും കോട്ടയം നസീര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് ചിത്രത്തിലുള്ളതെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് കൂടുതല്‍ സന്തോഷവും ആത്മവിശ്വാസവും തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്റെ ഏറ്റവും വലിയ സന്തോഷം ജയിലര്‍ 2-ല്‍ സുരാജ് ഉണ്ടെന്നതായിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണെന്നും കോമ്പിനേഷന്‍ സീനുകളുണ്ടെന്നും അറിഞ്ഞപ്പോഴാണ് സന്തോഷമായത്. കാരണം സുരാജ് നേരത്തെ തന്നെ തമിഴ് സിനിമകള്‍ ചെയ്ത് അവിടത്തെ പ്രേക്ഷകരുടെ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന സമയമാണ്. അവിടെ സ്വീകാര്യനാണ്. ദേശീയ അവാര്‍ഡ് ജേതാവുമാണ്. അങ്ങനെ അദ്ദേഹത്തിന് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

ഞാന്‍ അവിടെ ഫ്രഷ് ആണ്. ഞാനൊരു മിമിക്രിക്കാരനാണെന്ന് പോലും അവിടെ ആര്‍ക്കും അറിയില്ല. ഇവിടെ എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്നൊന്നും ആ ക്രൂവിലുള്ളവര്‍ക്ക് അറിയില്ല. തലവനും വാഴയും പോലുള്ള സിനിമകള്‍ കണ്ടിട്ടാണ് ഹരിപ്രഭു എന്നെക്കുറിച്ച് പറഞ്ഞതും അവരോട് പരിചയപ്പെടുത്തിയതും. അങ്ങനെയാണ് എന്നെ സെലക്ട് ചെയ്തത്,’ കോട്ടയം നസീര്‍ പറഞ്ഞു.

പുതിയൊരു ഭാഷയിലും സിനിമാ അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ കൂടെയുണ്ടാകുന്നത് വലിയ ആശ്വാസമാണെന്നും താരം പറഞ്ഞു. തമിഴ് സിനിമയുടെ ചിത്രീകരണസംഘത്തിന് തന്നെ പരിചയമില്ലാത്തതിനാല്‍ സുരാജിന്റെ സാന്നിധ്യം ആത്മവിശ്വാസം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സുരാജ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. അല്ലെങ്കില്‍ നമ്മള്‍ വേറൊരു പ്ലാനറ്റില്‍ പോയതുപോലെയാകും. നമുക്ക് പരിചയമില്ലാത്ത സ്ഥലമാണ്. നമ്മളെ അറിയുന്ന ആളുകള്‍ക്കിടയിലാണെങ്കില്‍ നമുക്കൊന്ന് നിവര്‍ന്നുനില്‍ക്കാം. ഇതിപ്പോള്‍ അവിടെ ആര്‍ക്കും നമ്മളെ അറിയില്ല. സുരാജ് എന്നെ വിളിച്ചിട്ട്, ‘അണ്ണാ, നമ്മള്‍ ഒരുമിച്ചാണല്ലോ’ എന്ന് പറഞ്ഞു. അവനും ഹാപ്പിയായി,’ കോട്ടയം നസീര്‍ പറഞ്ഞു.

ചിത്രീകരണസമയത്തും താനും സുരാജും പരസ്പരം സപ്പോര്‍ട്ട് ചെയ്താണ് മുന്നോട്ടുപോയതെന്നും കോട്ടയം നസീര്‍ പറയുന്നു.

‘സുരാജ് അഭിനയിച്ചുകഴിഞ്ഞിട്ട് എന്നെ നോക്കും. അവര്‍ ഓക്കെ പറഞ്ഞാലും എന്നെ നോക്കിയിട്ട്, ‘അണ്ണാ, ഓക്കെയല്ലേ?’ എന്ന് ചോദിക്കും. ഞാന്‍ ചെയ്തുകഴിഞ്ഞിട്ട് സുരാജിനെയും നോക്കും. ‘സുരാജേ, ഓക്കെയല്ലേ?’ എന്ന് ചോദിക്കും. ഓക്കെയാണെന്ന് പരസ്പരം പറയും.

പിന്നെ തമിഴ് ഡയലോഗുകളൊക്കെ പറയേണ്ട രീതിയും അവന്‍ എനിക്ക് പറഞ്ഞുതരും. ഡയലോഗുകള്‍ നേരത്തെ കൊണ്ടുവന്ന് കാണാതെ പഠിക്കാനുള്ള ശ്രമങ്ങളൊക്കെ നടന്നിരുന്നു,’ കോട്ടയം നസീര്‍ പറഞ്ഞു.

കോഴിക്കോടായിരുന്നു ചിത്രത്തിന്റെ ഏകദേശം 22 ദിവസത്തോളം നീണ്ട ഷൂട്ടിങ് നടന്നത്. രജനീകാന്തിനൊപ്പമുള്ള രംഗങ്ങളും അവിടെ ചിത്രീകരിച്ചിരുന്നു. സെറ്റിലെ മലയാളി സാന്നിധ്യവും തനിക്ക് കൂടുതല്‍ സന്തോഷം നല്‍കിയ അനുഭവമായിരുന്നുവെന്നും താരം വ്യക്തമാക്കി.

‘ഞാന്‍ ചെല്ലുമ്പോള്‍ ഞങ്ങളുടെ ഒരു ഗ്യാങ്ങുണ്ടല്ലോ. ആ ഗ്യാങ് മൊത്തം മലയാളികളാണ്. കണ്ടാല്‍ തമിഴില്‍നിന്ന് വന്നതാണെന്ന് തോന്നും. പക്ഷേ എല്ലാവരും മലയാളികളാണ്. അവര്‍ക്കെല്ലാം എന്നെ അറിയാമല്ലോ. അപ്പോള്‍ അതിന്റെയൊരു സ്‌നേഹം കൂടി കിട്ടിയപ്പോള്‍ നമുക്ക് ഒരു സന്തോഷമുണ്ടായിരുന്നു,’ കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:   Kottayam Nazeer about Jailer 2 and Loctaion

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more