| Thursday, 8th October 2026, 9:30 pm

എല്ലാം ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്, അദ്ദേഹം എന്നെ കൂടെ ചേര്‍ത്ത് നിര്‍ത്തി; ജയിലര്‍ 2ലെ അനുഭവം പങ്കുവെച്ച് കോട്ടയം നസീര്‍

അശ്വിന്‍ രാജേന്ദ്രന്‍

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ കോമഡി വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുകയാണ്. റോഷാക്കിലെ ശശാങ്കന്‍, വാഴയിലെ രാധാകൃഷ്ണന്‍, ആലപ്പുഴ ജിംഖാനയിലെ സലീം തുടങ്ങിയവയെല്ലാം സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

നസീര്‍ രജിനിക്കൊപ്പം. Photo: X.com

താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ജയിലര്‍ 2. പാന്‍ ഇന്ത്യന്‍ തലത്തില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു സിനിമാലോകം. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ലുക്ക് കൊണ്ട് യൂട്യൂബിലെ കമന്റ് ബോക്‌സ് ലാലേട്ടന്‍ തൂക്കിയിരുന്നു.

ജയിലറില്‍ അഭിനയിച്ചപ്പോള്‍ രജിനികാന്തുമായുണ്ടായ അനുഭവത്തെ കുറിച്ച് കോട്ടയം നസീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരെയും പോലെ താനും ജയിലര്‍ 2വിനായുള്ള എക്‌സൈറ്റ്‌മെന്റിലാണെന്നാണ് താരം പറഞ്ഞത്. ചിത്രം പൂര്‍ണമായിട്ട് താന്‍ കണ്ടിട്ടില്ലെന്നും ഡബ്ബ് ചെയ്തപ്പോള്‍ കുറച്ച് മാത്രം കണ്ടിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.

രജിനികാന്തിനൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും തന്റെ പെയിന്റിങ്ങിനെ കുറിച്ചുള്ള ഒരു ബുക്ക് താരത്തിന് നല്‍കാന്‍ സാധിച്ചെന്നും നസീര്‍ പറഞ്ഞു. പുസ്തകത്തെ കുറിച്ച് ഒരുപാട് താത്പര്യത്തോടെ രജിനികാന്ത് സംസാരിച്ചെന്നും തന്നെ ചേര്‍ത്തി നിര്‍ത്തി ഫോട്ടോയെടുത്തെന്നും അതെല്ലാം ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നതെന്നും താരം പറയുന്നു.

ജയിലര്‍ 2. Photo: X.com

നസീറിനും മോഹന്‍ലാലിനും പുറമെ സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്‍, മിര്‍ണ, അന്ന രാജന്‍, ഷംന കാസിം തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മലയാളി അഭിനേതാക്കളാണ്. ഇവര്‍ക്ക് പുറമെ ജയിലറില്‍ വര്‍മനായി ഗംഭീര പ്രകടനം കാഴ്ചവെച്ച വിനായകന്‍ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലെത്തുമെന്നും സൂചനകളുണ്ട്.

Content Highlight: Kottayam Naseer talks about his experience with Rajinikanth

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more