| Friday, 4th July 2025, 4:52 pm

ബിന്ദുവിന്റെ കുടുംബത്തിനൊപ്പമെന്ന് വീണാ ജോര്‍ജ്; പിന്തുണച്ച് മന്ത്രിമാരും ഇടത് നേതാക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രി കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ആ കുടുംബത്തിന്റെ ദുഖം തന്റേയും ദുഖമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നെന്ന് പറഞ്ഞ ആരോഗ്യമന്ത്രി സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മന്ത്രി രാജിവെക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തറപ്പിച്ച് പറഞ്ഞു.

മന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രിക്ക് നേരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും ഒരു ദുരന്തത്തെ വക്രീകരിച്ച് രാഷ്ട്രീമായി ഉപയോഗിക്കുകയാണെന്ന് എല്ലാവര്‍ക്കും മനസിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. മെഡിക്കല്‍ കോളേജിലെ അപകടം ദൗര്‍ഭാഗ്യകരമാണെന്നും മറ്റ് കാര്യങ്ങള്‍ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്.

ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി വീണാ ജോര്‍ജിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി ശിവന്‍കുട്ടിയും രംഗത്തെത്തി. വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

അതേസമയം കെട്ടിടം തകര്‍ന്ന് മരണപ്പെട്ട ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് ബിന്ദുവിന്റെ മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്തരിക രക്തസ്രവമുണ്ടായതായും വാരിയെല്ലുകള്‍ പൂര്‍ണമായും തര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശ്വാസകോശം, ഹൃദയം പോലുള്ള ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്.

Content Highlight: Kottayam Medical College building collapse; Veena George stands with Bindu’s family; Ministers and Left leaders support Veena George

We use cookies to give you the best possible experience. Learn more