| Friday, 4th July 2025, 5:46 pm

മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ എല്ലാ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്തരം ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

‘കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും.

അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകും,’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി.

ഇന്നലെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരണപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിയുടെ കൂട്ടിരിപ്പിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. 14ാം വാര്‍ഡിന്റെ ബാത്ത് റൂം ഉള്‍പ്പടെയുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്.

എന്നാല്‍ അപകടം ഉണ്ടായപ്പോള്‍ ഒരു സ്ത്രീയും കുട്ടിയുമടക്കം അടക്കം മൂന്ന് പേര്‍ക്ക് നിസാര പരിക്ക് ഉണ്ടെന്ന വിവരം മാത്രമാണുണ്ടായിരുന്നത്. സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ വീണ ജോര്‍ജും വി. എന്‍. വാസവനും ആരും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടില്ല എന്നായിരുന്നു ആദ്യം പ്രതികരണം നടത്തിയത്.

എന്നാല്‍ ഈ സമയത്ത് ബിന്ദു ആശുപത്രിയിലെ ശൗചാലയത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. മന്ത്രിമാരുടെ പ്രതികരണത്തിന് ശേഷമാണ് ബിന്ദു കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്ന വിവരം പുറത്ത് വന്നത്. രണ്ട് മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പുറത്തെടുത്തത്.

Content Highlight: Kottayam Medical College building collapse; Appropriate assistance will be provided to the family members of Bindu says  Chief Minister Pinarayi Vijayan

We use cookies to give you the best possible experience. Learn more