| Friday, 3rd October 2025, 9:04 pm

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന്റെ കെട്ടിടം തകര്‍ന്ന് മരണപ്പെട്ട ബിന്ദുവിന്റെ മകന്‍ നവനീതിന് സര്‍ക്കാര്‍ ജോലി നല്‍കി. നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് നിയമനം നല്‍കിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മരാമത്ത് വിഭാഗത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടത്. ട്രോമ കെയറില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മകള്‍ക്ക് കൂട്ടിരിപ്പുകാരിയായി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു ബിന്ദു.

കുളിക്കാനായി പതിനാലാം വാര്‍ഡിലെ ശുചിമുറിയിലേക്ക് പോയ ബിന്ദു കെട്ടിടം ഇടിഞ്ഞാണ് മരണപ്പെട്ടത്. അടച്ചിട്ട ശുചിമുറിയാണ് തകര്‍ന്നുവീണത് എന്നതിനാല്‍ തന്നെ ബിന്ദു അപകടത്തില്‍പ്പെട്ടത് തിരിച്ചറിയാനും വൈകിയിരുന്നു.

അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. അന്നത്തെ അപകടത്തില്‍ മീനങ്ങാടി സ്വദേശിനിയായ പതിനൊന്നുവയസുള്ള പെണ്‍കുട്ടിക്കും പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ 10,11,14 വാര്‍ഡുകള്‍ ഒഴിപ്പിച്ചിരുന്നു.

Content Highlight: Kottayam Medical College accident: The son of the deceased Bindu was given a government job

We use cookies to give you the best possible experience. Learn more