| Tuesday, 22nd March 2016, 11:40 am

നായ ഇനമായ കൊറിയന്‍ മാസ്റ്റിഫ് ഇന്ത്യയിലേക്ക്; സ്വന്തമാക്കുന്നത് ഒരുകോടി രൂപയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: ലോകത്തിലെ ഏറ്റവും വിലകൂടിയ നായ ഇനങ്ങളിലൊന്നായ കൊറിയന്‍ ഡോസ മാസ്റ്റിഫ് ആദ്യമായി ഇന്ത്യയിലേക്കെത്തുന്നു. ഭാരം കൂടിയ ചുളിഞ്ഞ തൊലിയും, തൂങ്ങി നില്‍ക്കുന്ന താടിയും, പരന്ന മൂക്കമാണ് ഇവയുടെ പ്രത്യേകതകള്‍. മികച്ച ഘ്രാണശക്തിയുള്ളവരാണിവര്‍. ഇവയിലെ മികച്ച ബ്രീഡിന്റെ വില ഒരുകോടി രൂപയാണ്.

ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ബ്രീഡറുമായ ബംഗളുരു സ്വദേശി സതീഷാണ് വിചിത്രമായ ഈ കൊറിയന്‍ നായ വര്‍ഗത്തെ ആദ്യമായി ഇന്ത്യയിലെത്തിക്കുന്നത്.

ഒരു കോടി വീതം വിലയുള്ള രണ്ടുമാസം പ്രായമായ രണ്ട് കൊറിയന്‍ മാസ്റ്റിഫ് കുഞ്ഞുങ്ങള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടതായി സതീഷ് പറഞ്ഞു.

25 വര്‍ഷമായി നായ വളര്‍ത്തല്‍ രംഗത്തുള്ള സതീഷ് കഴിഞ്ഞ 20 വര്‍ഷമായി കൊറിയന്‍ മാസ്റ്റിഫിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ഏറെ നാളത്തെ ശ്രമങ്ങള്‍ക്ക് ശേഷം ചൈനയിലെ ഒരു ബ്രീഡറില്‍ നിന്നാണ് സതീഷ് കൊറിയന്‍ മാസ്റ്റിഫിനെ വാങ്ങുന്നത്.

ഏറെ വിരളമായ 150ഓളം വ്യത്യസ്ത ഇനങ്ങള്‍ ഇപ്പോള്‍ തന്നെ സതീഷിന്റെ കുംബലഗോടുള്ള ഫാം ഹൗസിലുണ്ട്.

നായ്ക്കുട്ടികളെ സ്വീകരിക്കാനായി വമ്പന്‍ സജ്ജീകരണങ്ങളാണ് സതീഷ് ഒരുക്കുന്നത്. നായ്ക്കുട്ടികളെ റോള്‍സ് റോയ്‌സിലും റേഞ്ച് റോവറിലുമായാണ് വിമാനത്താവളത്തില്‍ നിന്നും കൊണ്ടു വരിക. ഇതിനായി ഒരു ദിവസത്തേക്ക് റോള്‍സ് റോയ്‌സ് കാര്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും റേഞ്ച് റോവര്‍ സൂഹൃത്തിന്റേതാണെന്നും സതീഷ് അറിയിച്ചു.

ഇവര്‍ക്കായി ശീതീകരിച്ച മുറിയും സതീഷ് ഒരുക്കിയിട്ടുണ്ട്. ഇതിനു മുന്‍പ് സതീഷ് ഇറക്കുമതി ചെയ്ത ഏറ്റവും വിലകൂടിയ നായ ടിബറ്റന്‍ മാസ്റ്റിഫായിരുന്നു. 65 ലക്ഷമായിരുന്നു ഇതിന്റെ വില.

We use cookies to give you the best possible experience. Learn more