| Monday, 8th October 2012, 12:30 am

കൂടംകുളം ഉപരോധം: സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇന്ന് കൂടംകുളത്ത് നടക്കുന്ന ആണവനിലയ ഉപരോധത്തെ നേരിടാന്‍ കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തി. നിരവധി പോലീസുകാരെയാണ് ഇതിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

കടല്‍ വഴി നടക്കുന്ന ഉപരോധത്തില്‍ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെയും കേരളത്തിലെയും മത്സ്യത്തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് പീപ്പ്ള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്‌ളിയര്‍ എനര്‍ജി അറിയിച്ചു.[]

സെപ്റ്റംബര്‍ പത്തിന് ആണവനിലയം ഉപരോധിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കന്യാകുമാരി ജില്ലയില്‍നിന്ന് മാത്രം 15,000 മത്സ്യത്തൊഴിലാളികള്‍ ഉപരോധത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

ദക്ഷിണ മേഖലാ ഐ.ജി രാജേഷ് ദാസിന്റെ നേതൃത്വത്തില്‍ തിരുനെല്‍വേലി മേഖലാ ഡി.ഐ.ജി സ്മിത് ശരണ്‍, ഏഴ് എസ്.പിമാര്‍, 25 ഡിവൈ.എസ്.പിമാര്‍ എന്നിവരുള്‍പ്പെടെ 4000 പൊലീസുകാര്‍ ആണവനിലയത്തിന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം ആണവനിലയത്തിന് 500 മീറ്റര്‍ അകലെ കടലില്‍ സമാധാനപരമായാണ് ഉപരോധം നടത്തുകയെന്ന് സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more