| Friday, 15th August 2025, 2:12 pm

അടി തെറ്റിയാല്‍ ആരും വീഴും, ശങ്കര്‍ മുതല്‍ ലോകേഷ് വരെ നിരാശപ്പെടുത്തിയ 2025

അമര്‍നാഥ് എം.

കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്ത് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ അപാരമായ കഴിവുള്ളവരാണ് കോളിവുഡിലെ സംവിധായകര്‍. പ്രേക്ഷകര്‍ക്ക് കണക്ടാകുന്ന തരത്തില്‍ സിനിമകളൊരുക്കാന്‍ തമിഴ് സംവിധായകര്‍ എന്നും മുന്‍പന്തിയിലാണ്. സ്റ്റാര്‍ഡത്തോടൊപ്പം ശക്തമായ വിഷയവും ബ്ലെന്‍ഡ് ചെയ്ത് ഒരുക്കിയ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയില്‍ കോളിവുഡ് പ്രത്യേക സ്ഥാനം നേടി.

ഷങ്കര്‍, മണിരത്‌നം തുടങ്ങിയ സീനിയര്‍ സംവിധായകരും കാര്‍ത്തിക് സുബ്ബരാജ്, ലോകേഷ് കനകരാജ് തുടങ്ങിയ യുവസംവിധായകരും ഇന്‍ഡസ്ട്രിയുടെ നെടുംതൂണായി നിലനില്‍ക്കുന്നവരാണ്. എന്നാല്‍ 2025 ഈ സംവിധായകര്‍ക്ക് അത്ര നല്ല വര്‍ഷമല്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. ഇവരുടെയെല്ലാം ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസായെങ്കിലും ബോക്‌സ് ഓഫീസില്‍ ശോഭിക്കാന്‍ ഒരു സിനിമക്കും സാധിച്ചില്ല.

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായി വിശേഷിപ്പിക്കപ്പെട്ട ഷങ്കറാണ് ഈ വര്‍ഷമാദ്യം നിരാശ നല്‍കിയത്. റാം ചരണിനെ നായകനാക്കി ഒരുക്കിയ ഗെയിം ചേഞ്ചര്‍ വന്‍ പരാജയമായി മാറി. 350 കോടിയിലൊരുങ്ങിയ ചിത്രം ബജറ്റിന്റെ പകുതി പോലും നേടാതെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. ഒരു പാട്ടില്‍ തന്നെ ഏഴ് ലോകാത്ഭുതങ്ങള്‍ കാണിച്ച ഷങ്കര്‍ തന്നെയാണോ ഈ സിനിമയും ഒരുക്കിയതെന്നായിരുന്നു പലരുടെയും ചോദ്യം.

ഷങ്കറിനെപ്പോലെ തമിഴ് സിനിമയുടെ മുഖമായി മാറിയ മറ്റൊരു സംവിധായകനാണ് മണിരത്‌നം. കഥപറച്ചിലിലെ വ്യത്യസ്തത കൊണ്ട് ഇന്ത്യന്‍ സിനിമയെ എല്ലാകാലത്തും വിസ്മയിപ്പിച്ച മണിരത്‌നത്തിന്റേതായി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് തഗ് ലൈഫ്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നത്തിനൊപ്പം കമല്‍ ഹാസന്‍ കൈകോര്‍ത്തപ്പോള്‍ മറ്റൊരു നായകനായിരുന്നു പലരും പ്രതീക്ഷിച്ചത്.

എന്നാല്‍ മണിരത്‌നത്തിന്റെയും കമല്‍ ഹാസന്റെയും കരിയറിലെ ഏറ്റവും മോശം സിനിമയായി തഗ് ലൈഫ് മാറി. കണ്ട് ശീലിച്ച കഥയുടെ കെട്ടുറപ്പില്ലാത്ത തിരക്കഥയായിരുന്നു തഗ് ലൈഫിന് വിനയായത്. ‘തഗ് ലൈഫ് കണ്ടാല്‍ നായകന്‍ മറക്കും’ എന്ന് റിലീസിന് മുമ്പുള്ള കമല്‍ ഹാസന്റെ വാക്കുകള്‍ ട്രോള്‍ മെറ്റീരിയലായി മാറി.

സീനിയര്‍ സംവിധായകര്‍ നിരാശപ്പെടുത്തിയപ്പോള്‍ എല്ലാവരും യുവസംവിധായകരില്‍ പ്രതീക്ഷയര്‍പ്പിച്ചു. ഓരോ സിനിമയും വ്യത്യസ്ത അനുഭവമാക്കുന്ന കാര്‍ത്തിക് സുബ്ബരാജിന്റെ റെട്രോ മികച്ച ചിത്രമാകുമെന്നായിരുന്നു എല്ലാവരും കരുതിയത്. കങ്കുവയുടെ വമ്പന്‍ പരാജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന സൂര്യ ചിത്രം കൂടിയായിരുന്നു റെട്രോ.

ഓരോ അപ്‌ഡേറ്റ് കൊണ്ടും ഹൈപ്പ് ഉയര്‍ത്തിയ റെട്രോക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. മികച്ച മേക്കിങും സൂര്യയടക്കമുള്ള താരങ്ങളുടെ അപാര പെര്‍ഫോമന്‍സും ഉണ്ടായിരുന്നെങ്കിലും ശരാശരി തിരക്കഥ റെട്രോക്ക് വിനയായി. മികച്ച രീതിയില്‍ പോയിക്കൊണ്ടിരുന്ന സിനിമ അവസാന അരമണിക്കൂറില്‍ കൈവിട്ടുപോവുകയായിരുന്നു.

കാര്‍ത്തിക് സുബ്ബരാജും നിരാശപ്പെടുത്തിയതോടെ എല്ലാവരുടെയും കണ്ണുകള്‍ ലോകേഷ് കനകരാജിലേക്കായി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളൊരുക്കിയ സംവിധായകന്‍ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറുമായി ഒന്നിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയില്‍ അണിനിരന്ന കൂലിക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ മാത്രമായിരുന്നു ലഭിച്ചത്.

വന്‍ ബജറ്റിലൊരുങ്ങിയ കൂലിക്കും പണിയായത് ബലമില്ലാത്ത തിരക്കഥയായിരുന്നു. മേക്കിങ്ങില്‍ ഒരുപരിധി വരെ ചിത്രത്തെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും പഴകിത്തേഞ്ഞ കഥ കൂലിയെയും പിന്നോട്ടുവലിച്ചു. അടി തെറ്റിയാല്‍ ആരും വീഴുമെന്നുള്ളതിന് തെളിവായിരുന്നു ഈ സംവിധായകരുടെയെല്ലാം പ്രശ്‌നം.

വമ്പന്‍ ബജറ്റും സ്റ്റാര്‍ കാസ്റ്റുമുണ്ടെങ്കില്‍ പ്രേക്ഷകര്‍ സിനിമ ഹിറ്റാക്കുമെന്ന ധാരണയും ഇതോടെ തകര്‍ന്നു. രണ്ടര മണിക്കൂര്‍ പിടിച്ചിരുത്താന്‍ കഴിവുള്ള സ്‌ക്രിപ്റ്റ് ഇല്ലെങ്കില്‍ ആരും തിരിഞ്ഞുനോക്കില്ലെന്ന് ഇതോടെ പല സിനിമാക്കാര്‍ക്കും മനസിലായെന്നാണ് വിശ്വാസം.

Content Highlight: Kollywood Director’s downfall in 2025

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more