| Saturday, 19th September 2020, 6:57 pm

20 ദിവസം കോമയില്‍, 30 തവണ ഡയാലിസിസ്: 75 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ കൊവിഡ് മുക്തനായ ടൈറ്റസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 75 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ കൊവിഡ് ഭേദമായ കൊല്ലം സ്വദേശി ടൈറ്റസ് അതിജീവനത്തിന്റെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രവര്‍ത്തകരുടെ 70 ദിവസത്തിലധികം നീണ്ട പ്രയത്‌നത്തിന്റെ ഫലമായാണ് അദ്ദേഹത്തിന് നീണ്ട കാലത്തിന് ശേഷം ആശുപത്രി വിടാനായതെന്നും എല്ലാ ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയാണ് ടൈറ്റസ്. ജൂലൈ ആറിനായിരുന്നു ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പാരപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ടൈറ്റസിനെ ഉടന്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. രോഗം മൂര്‍ച്ഛിച്ചതോടെ 20 ദിവസം ഇദ്ദേഹം കോമയിലാവുകയും 43 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വരികയും ചെയ്തു.

കൊവിഡ് ബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കി. മുപ്പതോളം തവണ വെന്റിലേറ്ററില്‍ വെച്ചു തന്നെ ഡയാലിസിസ് നടത്തി. ആറ് ലക്ഷം രൂപ ചിലവില്‍ ഐ.സി.യുവില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു. രണ്ട് തവണ പ്ലാസ്മ ചികിത്സയും നടത്തി. 32 ലക്ഷം രൂപയാണ് ടൈറ്റസിന്റെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്.

പലപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ 75 ദിവസത്തെ ചികിത്സക്ക് ശേഷം ടൈറ്റസ് കൊവിഡിനെ തോല്‍പ്പിച്ച് മടങ്ങിയെത്തി. രോഗം അതിരൂക്ഷമായി ബാധിച്ചിരുന്നതിനാല്‍ ഇദ്ദേഹത്തെ സംസാരശേഷി തകരാറിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെയാണ് വീണ്ടെടുത്തത്. ആശുപത്രിയിലെ ഓരോ ജീവനക്കാരോടും നന്ദി പറഞ്ഞുക്കൊണ്ടായിരുന്നു ടൈറ്റസ് ആശുപത്രി വിട്ടത്.

ആരോഗ്യ പ്രവര്‍ത്തകരുടെ 70 ദിവസത്തിലധികം നീണ്ട പ്രയത്‌നത്തിന്റെ ഫലമായാണ് അദ്ദേഹത്തിന് നീണ്ട കാലത്തിന് ശേഷം ആശുപത്രി വിടാനായത്. അതിജീവനത്തിന്റെ മാതൃകയായതിനാലാണ് എടുത്തുപറയുന്നത്. എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. അതിനടയില്‍ രോഗ വ്യാപനത്തിന് കാരണമാകുന്നതിന് ശ്രമിക്കുന്നവരുടെ കണ്ണു തുറപ്പിനാണ് ഇത് ഇവിടെ പറയുന്നത് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kollam resident Titus recovers from Covid after 75 days

We use cookies to give you the best possible experience. Learn more