തിരുവനന്തപുരം: ചികിത്സയിലിരിക്കെ ഹൃദ്രോഗിയായിരുന്ന കൊല്ലം സ്വദേശി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച കൊല്ലം പന്മന സ്വദേശി വേണു (48) മരിച്ച സംഭവത്തിലാണ് ഡി.എം.ഇയുടെ റിപ്പോര്‍ട്ട്.
വേണുവിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കാര്യങ്ങള്‍ ഗുരുതരമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും വേണുവിനെ അഞ്ച് ദിവസം ആശുപത്രിയില്‍ കിടത്തിയിട്ടും ചികിത്സ നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ചികിത്സാപ്പിഴവ് ചൂണ്ടിക്കാണിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആന്‍ജിയോഗ്രാം ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന വേണുവിന്റെ ശബ്ദ സന്ദേശം പുറത്തെത്തിയത് വലിയ കോളിളക്കമാണുണ്ടാക്കിയത്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി മെഡിക്കല്‍ കോളേജായിരിക്കുമെന്നും വലിയ അനാസ്ഥയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും വേണു പറയുന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കുടുംബമാണ് പുറത്തുവിട്ടത്.
ഇതോടെ മെഡിക്കല്‍ കോളേജിന് നേരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച അടിയന്തിര സര്‍ജറിക്കായി കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വേണുവിന് ബുധനാഴ്ചയായിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
എന്നാല്‍, വേണുവിന് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്നും ശസ്ത്രക്രിയ നടത്താനുള്ള
അവസ്ഥയിലായിരുന്നില്ല രോഗിയെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിച്ചിരുന്നു.
ക്രിയാറ്റിനിന്‍ അളവ് ക്രമാതീതമായി കൂടിയതും അടിയന്തരമായി നല്‍കിയ ഇഞ്ചക്ഷനും ശസ്ത്രക്രിയ നീട്ടിവെയ്ക്കാന്‍ കാരണമായെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോഗിയെ നിലത്തുകിടത്തിയാണ് ചികിത്സിച്ചതെന്ന ആരോപണവും ആശുപത്രിക്കെതിരെ ഉയര്‍ന്നിരുന്നു.
രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് തറയില്‍ കിടത്തി ചികിത്സിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ഡി.എം.ഇ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദീകരിക്കുന്നത്.
Content Highlight: Kollam native Venu’s death: Report by the Director of Medical Education says there was no medical negligence in Thiruvananthapuram Medical College