കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അദീന മസ്ജിദിന് പുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി സംഘ്പരിവാര്‍. ഏകദേശം 650 വര്‍ഷം പഴക്കമുള്ള മസ്ജിദ് ആദിനാഥ് ക്ഷേത്രമാണെന്ന അവകാശവാദം ഉന്നയിച്ചാണ് സംഘ്പരിവാരിന്റെ നീക്കം.
ആദിത്യനാഥ് ശിവക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മസ്ജിദിന് സമീപം പ്രത്യേക പൂജകളും നടന്നിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മസ്ജിദിന് പുറത്ത് തിങ്കളാഴ്ച 1.5 ടണ്ണിന്റെ ശിവലിംഗം സ്ഥാപിക്കാനാണ് കമ്മിറ്റിയുടെ നീക്കം.
ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്നും നിലവിലുള്ള മസ്ജിദ് സമുച്ചയത്തില്‍ ഹൈന്ദവ ചിഹ്നങ്ങളും ശിവലിംഗത്തിന്റെ അവശിഷ്ടങ്ങളും കാണാനുണ്ടെന്നുമാണ് സംഘ്പരിവാറിന്റെ വാദം. എന്നാല്‍ കേന്ദ്ര പുരാവസ്തു വകുപ്പ് ഇതിനെ അദീന മസ്ജിദ് ആയി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപഭൂഖണ്ഡത്തില്‍ തന്നെ ഏറ്റവും വലിയ മസ്ജിദായാണ് പുരാവസ്തു വകുപ്പ് മസ്ജിദിനെ വിലയിരുത്തുന്നത്. ശിവലിംഗ പ്രതിഷ്ഠാ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Content Highlight:Kolkata: Sangh Parivar announces plans to install a Shivling at the centuries-old Adina Mosque.