കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് നടത്തുന്ന നബന്ന അഭിജന്‍ മാര്‍ച്ചില്‍ ചേരാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ സമീപിക്കുമെന്ന് മാതാപിതാക്കള്‍.
ഓഗസ്റ്റ് ഒമ്പതിന് പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചിന് വേണ്ടിയാണ് വനിതാഡോക്ടറുടെ മാതാപിതാക്കള്‍ വിവിധ പാര്‍ട്ടികളെ സമീപിക്കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് ഒമ്പതിന് വനിതാഡോക്ടര്‍ കൊല്ലപ്പെട്ടിട്ട് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നീതിക്ക് വേണ്ടി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ഒഴികെയുള്ള എല്ലാ പാര്‍ട്ടികളോടും അന്ന് നടക്കുന്ന മാര്‍ച്ചില്‍ പങ്കുചേരാന്‍ കൊല്ലപ്പെട്ട വനിതാഡോക്ടറുടെ പിതാവ് ആവശ്യപ്പെട്ടു. തങ്ങളുടെ മകള്‍ക്ക് വേണ്ടി മാത്രമല്ല, ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഓരോ സ്ത്രീക്കും വേണ്ടി പങ്കെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ടി.എം.സിയെ എന്തുകൊണ്ടാണ് ഈ മാര്‍ച്ചില്‍ നിന്ന് ഒഴിവാക്കുന്നതെന്ന ചോദ്യത്തിന് ‘എന്റെ മകളുടെ മരണത്തിന്റെ അന്വേഷണം ടി.എം.സി നേതാക്കളും ഭരണകൂടവും മൂടിവെയ്ക്കാന്‍ ശ്രമിച്ചു. അവര്‍ അവളുടെ മൃതദേഹം എത്രയും വേഗം സംസ്‌കരിക്കാന്‍ ശ്രമിച്ചു’ എന്നാണ് പിതാവ് മറുപടി നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2024 ഓഗസ്റ്റ് ഒമ്പതിനായിരുന്നു കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു.
മരിച്ചതിന്റെ പിറ്റേ ദിവസമാണ് ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ യുവഡോക്ടറെ കണ്ടെത്തിയത്. തുടര്‍ന്ന് ഈ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്.
Content Highlight: Kolkata RG Kar Medical College Docter’s Parents Are Approching Various Political Parties To Join The Nabanna Abhijan Against Tinamool Congress