| Monday, 23rd June 2025, 9:07 am

ലൈംഗികത്തൊഴിലാളികളെ അപമാനിച്ചു; കേന്ദ്രമന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൊൽക്കത്ത പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ലൈംഗികത്തൊഴിലാളികൾക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റുമായ സുകാന്ത മജുംദാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൊൽക്കത്ത പൊലീസ്.

മജുംദാറിന്റെ വിവാദ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കൊൽക്കത്തയിലെ ബർട്ടോല പൊലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ രേഖാമൂലം പരാതി നൽകിയതായി പൊലീസ് അറിയിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഞായറാഴ്ച ബി.എൻ.എസ് സെക്ഷൻ 79/352 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കൊൽക്കത്തയിലെ സോനാഗച്ചി പ്രദേശത്തെ (റെഡ് സ്‌ട്രീറ്റ് ഏരിയ) സ്ത്രീകളുടെ മാന്യതയെ അപമാനിക്കാനും പൊതുസമാധാനം തകർക്കുക എന്ന ഉദേശത്തോടെയുമാണ് സുകാന്ത മജുംദാർ അപമാനകരമായ പരാമർശങ്ങൾ നടത്തിയതെന്ന പരാതിയിൽ പറയുന്നു. വാക്കുകൾ ഉപയോഗിച്ചതെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം സുകാന്ത മജുംദാറിനെ കൊൽക്കത്ത പൊലീസ് വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെ കൊൽക്കത്ത പൊലീസ് സോനാഗച്ചിയിലെ ലൈംഗികത്തൊഴിലാളികളുടെ നിലവാരത്തിലേക്ക് കൂപ്പുകുത്തിയെന്ന് അദ്ദേഹം പറയുകയും പൊലീസ് ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു.

കേന്ദ്രമന്ത്രി പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെ മജുംദാർ സോനാഗച്ചിയിലെ ലൈംഗികത്തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ച് ടി.എം.സി നേതാക്കൾ അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചു.

‘ലൈംഗികത്തൊഴിലാളികളെ അപമാനിക്കുക എന്നതല്ല എന്റെ ഉദ്ദേശം. കൊൽക്കത്ത പൊലീസിനും പശ്ചിമ ബംഗാൾ പൊലീസിനും ഇല്ലാത്ത ഒരു തത്വവും ധാർമികതയും ലൈംഗികത്തൊഴിലാളികൾക്ക് പോലും ഉണ്ടെന്ന് പറയാനായിരുന്നു ഞാൻ ശ്രമിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പൊലീസുകാർ തങ്ങളുടെ നിലവാരം താഴ്ത്തി. അവരുടെ മേലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. രാഷ്ട്രീയമായി എന്നെ പരാജയപ്പെടുത്താൻ കഴിയാത്ത ടി.എം.സി ഇപ്പോൾ എനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്,’ മാധ്യമങ്ങളോട് സംസാരിച്ച മജുംദാർ പറഞ്ഞു.

Content Highlight: Kolkata Police registers FIR against BJP’s Sukanta Majumder for insulting sex workers

We use cookies to give you the best possible experience. Learn more