| Tuesday, 1st July 2025, 9:17 pm

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളെ പുറത്താക്കിയതായി ലോ കോളേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്ന് പ്രതികളെ പുറത്താക്കിയതായി ലോ കോളേജ് അധികൃതര്‍. കോളേജിലെ അഡ്-ഹോക് ഫാക്കല്‍റ്റിയും മുഖ്യപ്രതിയുമായ മനോജിത്ത് മിശ്ര, വിദ്യാർത്ഥികളായ സായിബ് അഹമ്മദ്, പ്രമിത് മുഖര്‍ജി എന്നിവരെയാണ് പുറത്താക്കിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ അശോക് കുമാര്‍ ദേബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോളേജ് ഭരണസമിതിയുടെ യോഗത്തിന് ശേഷമാണ് നടപടി. കോളേജിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അശോക് കുമാര്‍ ദേബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം പ്രതികള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്തിന്റെ സൗത്ത് കൊല്‍ക്കത്ത ജില്ലാ ജനറല്‍ സെക്രട്ടറിയും ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും കൂടിയായ മനോജിത്ത് മിശ്ര (31), സെയ്ബ് അഹമ്മദ് (19), പ്രമിത് മുഖര്‍ജി (20) എന്നിവര്‍ അടക്കം നാല് പേരാണ് അറസ്റ്റിലായത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജിയാണ് നാലാം പ്രതി.

സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ ബുധനാഴ്ച രാത്രിയാണ് 24കാരി ആക്രമിക്കപ്പെട്ടത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് മുഖ്യപ്രതി വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പങ്കാളിയെ ആക്രമിക്കുമെന്നും മാതാപിതാക്കളെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ ആക്രമിച്ചത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ കൂട്ടുപ്രതികളുടെ സഹായത്തോടെ മനോജിത്ത് മിശ്ര ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പ്രതികള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം യുവതിയെ കോളേജിന് മുന്നിലൂടെ വലിച്ചിഴക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

കൂടാതെ പ്രതിയുടെ ഫോണില്‍ യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. സംഭവത്തിന് പിന്നാലെ സൗത്ത് ലോ കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോളേജ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ലോ കോളേജിലെ വിദ്യാര്‍ത്ഥിക്ക് നേരെയുള്ള അക്രമം. ഈ രണ്ട് സംഭവങ്ങളും ബംഗാളിലെ മമത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Content Highlight: Kolkata Law College expels 3 accused in gang abuse of student

We use cookies to give you the best possible experience. Learn more