ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കാനൊരുങ്ങി ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന. പരിക്ക് കാരണം ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഫിറ്റ്‌നസ് താരത്തിന് ലഭിച്ചിരുന്നില്ലായിരുന്നു. ഇപ്പോള്‍ താരം ഫിറ്റ്‌നസ് ടെസ്റ്റ് പാസായത് കൊല്‍ക്കത്തയ്ക്ക് വലിയ ആശ്വാസമാണ്.
നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും കൊല്‍ക്കത്തയ്ക്ക് നേടാന്‍ സാധിച്ചിട്ടില്ല. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് കൊല്‍ക്കത്ത്. പതിരാനയുടെ വരവോടെ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്.
താരം പരിക്കില്‍ നിന്ന് പതിരാന പൂര്‍ണമായും സുഖം പ്രാപിച്ചിട്ടുണ്ടെന്ന് ഇ.എസ്.പി.എന്‍ ക്രിന്‍ഫോയും റിപ്പാര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 17ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പ് പതിരാന കെ.കെ.ആറില്‍ ചേരും. ഫിറ്റ്‌നസില്‍ പ്രശ്‌നമില്ലെങ്കില്‍ ഏപ്രില്‍ 19ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരിക്കും പതിരാന കളത്തിലിറങ്ങുക.
2026ലെ ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിലായിരുന്നു പതിരാനയ്ക്ക് പരിക്ക് പറ്റിയത്. ലോകകപ്പിലെ മറ്റ് മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. 18 കോടി രൂപയ്ക്കായിരുന്നു പതിരാനയെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.
പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണ പുറത്തായതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിരുന്നു. കൂടാതെ, ലേലത്തില്‍ ടീമിലെടുത്ത ബംഗ്ലാദേശ് താരം മുസ്തഫിസൂര്‍ റഹ്‌മാനെ ബി.സി.സി.ഐ നിര്‍ദേശപ്രകാരം ടീമില്‍ നിന്ന് റിലീസ് ചെയ്യേണ്ടി വന്നതും ടീമിന്റെ ബൗളിങ് യൂണിറ്റിന്റെ ശക്തി കുറച്ചു.
ഐ.പി.എല്ലില്‍ ഇതുവരെ 32 മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റുകളാണ് താരം നേടിയത്. 4/28 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. മാത്രമല്ല 21.62 എന്ന ആവറേജിലാണ് താരത്തിന്റെ ബൗളിങ്. 8.68 എന്ന എക്കോണമിയും പതിരാനയ്ക്കുണ്ട്.